
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെെ പിന്തുണച്ച് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ടീമിന്റെ മോശം പ്രകടനത്തിന് ബിസിസിഐയെ കുറ്റപ്പെടുത്തി ഗംഭീറിനെ മുൻ താരം ന്യായീകരിക്കുകയായിരുന്നു. തോൽവിക്ക് ശേഷം ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആരാധകരും വിദഗ്ദ്ധരും ഒന്നടങ്കം ചർച്ച ചെയ്യുമ്പോഴാണ് ഗവാസ്കറുടെ പ്രതികരണം.
ഇന്ത്യ ടുഡേയുമായി സംസാരിക്കവെയാണ് ഗവാസ്‌കർ ഗംഭീറിന് പിന്തുണയുമായി എത്തിയത്. ഗംഭീറിന്റെ കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും നേടിയപ്പോൾ അദ്ദേഹത്തെ ആരും അഭിനന്ദിച്ചിരുന്നില്ലെന്നും ഇപ്പോൾ ഹോം ടെസ്റ്റ് പരമ്പര തോറ്റപ്പോൾ മാത്രം ചോദ്യം ചെയ്യുന്നത് നീതികേടാണെന്നും ഗവാസ്‌കർ പറഞ്ഞു. മത്സരം തോറ്റതിനു പിന്നാലെ ഗോഹട്ടിയിലെ സ്റ്റേഡിയത്തിൽ വച്ച് ചിലർ ഗൗതം ഗംഭീറിനെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
'അദ്ദേഹം ഒരു പരിശീലകനാണ്. ഒരു കോച്ചിന് ടീമിനെ ഒരുക്കാൻ കഴിയും, അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഉപദേശം നൽകാൻ കഴിയും. പക്ഷേ മൈതാനത്ത് കളിക്കാർക്ക് മാത്രമേ അത് നടപ്പിലാക്കാൻ സാധിക്കൂ. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ നിങ്ങൾ എന്തുചെയ്തു? ഏഷ്യാ കപ്പ് നേടിയപ്പോൾ നിങ്ങൾ എന്തുചെയ്തു?' വിമർശിക്കുന്നവരോട് ഗവാസ്കർ ചോദിച്ചു.
നിങ്ങളൊക്കെ ഇപ്പോൾ അദ്ദേഹത്തെ പുറത്താക്കാൻ ആവശ്യപ്പെടുന്നു. ഒരു ടീം മോശം പ്രകടനം നടത്തുമ്പോൾ മാത്രമാണ് നിങ്ങൾ പരിശീലകനെ ഉറ്റുനോക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും ഗംഭീർ ഇന്ത്യയുടെ പരിശീലകനായി തുടരുന്നതിൽ തെറ്റില്ലെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് പരിശീലകനായ ബ്രണ്ടൻ മക്കല്ലത്തിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ബ്രണ്ടൻ മക്കല്ലത്തെപ്പോലെ ഇംഗ്ലണ്ടിന് മൂന്ന് ഫോർമാറ്റുകളിലും ഒരേ കോച്ചാണുള്ളത്. പല രാജ്യങ്ങളിലും എല്ലാ ഫോർമാറ്റുകൾക്കും ഒരാൾ തന്നെയാണ് പരിശീലകൻ. പക്ഷേ നമ്മുടെ രാജ്യത്ത് ടീം തോൽക്കുമ്പോൾ മാത്രം ഒരാളെ ചൂണ്ടികാണിക്കാൻ ശ്രമിക്കുന്നു. ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഗ്രൗണ്ടിൽ നന്നായി കളിക്കാത്തതിന് അദ്ദേഹത്തെ മാത്രം നിങ്ങൾ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? ഗവാസ്കർ ചോദ്യം ഉയർത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |