
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവിധ സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ പരിശോധന നടത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഉത്തർ പ്രദേശ്, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തിയത്. മെഡിക്കൽ കോഴ്‌സുകൾക്ക് അംഗീകാരം ലഭിക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകൾ കോഴ നൽകിയെന്നാണ് കേസ്. 200 കോടിയിലധികം രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ എൻ.എം.സി ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഉൾപ്പെട്ടതായി പുറത്തുവന്നതിനെ തുടർന്നാണ് സി.ബി.ഐ കേസെടുത്തത്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന നടത്തിയത്. രാജ്യത്തെ ഏഴ് മെഡിക്കൽ കോളേജുകളിലും അന്വേഷണം നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |