
കേരളത്തിൽ അഡ്ഹോക്ക് കമ്മറ്റിയെ നിയമിച്ച് ദേശീയ കബഡി ഫെഡറേഷൻ
തിരുവനന്തപുരം : എട്ടുവർഷമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്തിരിക്കുന്ന കേരള കബഡി അസോസിയേഷനിൽ തിരഞ്ഞെടുപ്പ് നടത്താൻ അഡ്ഹോക്ക് കമ്മറ്റിയെ നിശ്ചയിച്ച് അമേച്വർ കബഡി ഫെഡറേഷൻ ഒഫ് ഇന്ത്യ. മുൻ അന്തർദേശീയ താരങ്ങളും ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകളുമായ ബി.സി സുരേഷ് (കർണാടകം), രാജ്ഗുരു സുബ്രഹ്മണ്യൻ( തമിഴ്നാട്), മലയാളിയായ ഷർമി ഉലഹന്നാൻ എന്നിവരെയാണ് കബഡി ഫെഡറേഷൻ അഡ്ഹോക്ക് കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കൊപ്പം കേരള ഒളിമ്പിക് അസോസിയേഷന്റേയും സ്പോർട്സ് കൗൺസിലിന്റേയും ഓരോ പ്രതിനിധിയെ ഉൾപ്പെടുത്തും.
2017ലാണ് സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ കേരള കബഡി അസോസിയേഷനെ സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്‌തത്. എന്നാൽ അന്വേഷണം നടത്തുകയോ കുറ്റക്കാർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മറ്റിയെ ഭരണം ഏൽപ്പിച്ചു. അടുത്തിടെ സ്പോർട്സ് കൗൺസിലിന്റേയും ടെക്നിക്കൽ കമ്മറ്റിയുടേയും അനാസ്ഥകാരണം കേരളത്തിൽ നിന്നുള്ള താരത്തിന് ദേശീയ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം നഷ്‌ടമായിരുന്നു. കേരള കബഡി അസോസിയേഷനിലെ പ്രതിസന്ധികൾക്ക് പരിഹാരം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ കോച്ച് ഉദയകുമാർ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് ദേശീയ ഫെഡറേഷൻ അഡ്‌ഹോക്ക് കമ്മറ്റിയെ നിയമിച്ചത്.
തിരഞ്ഞെടുപ്പിൽ കൗൺസിലിന് റോളില്ല
കായിക അസോസിയേഷനുകളിൽ അഡ്‌ഹോക്ക് കമ്മറ്റിയെ വയ്ക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ സംസ്ഥാന സ്പോർട്സ് കൗൺസിലിന് അധികാരമില്ലെന്ന് കഴിഞ്ഞദിവസം ഹോക്കി അസോസിയേഷനുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കളിക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ടെക്നിക്കൽ കമ്മറ്റിയെ വയ്ക്കാൻ മാത്രമാണ് കൗൺസിലിന് കോടതി അനുമതി നൽകിയത്. സംസ്ഥാനത്തെ എട്ടോളം കായിക അസോസിയേഷനുകളിൽ ടെക്നിക്കൽ കമ്മറ്റിയെ നിയോഗിച്ചാണ് സ്പോർട്സ് കൗൺസിൽ ഭരണം നടത്തിവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |