
ഇന്ത്യ - ന്യൂസിലാൻഡ് ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് നാഗ്പുരിൽ തുടക്കം
ട്വന്റി-20 ലോകകപ്പിന് മുമ്പുള്ള അവസാന പരമ്പര
പരമ്പരയിലെ അവസാന മത്സരം 31ന് തിരുവനന്തപുരത്ത്
നാഗ്പുർ : അടുത്തമാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരീക്ഷണവേദിയായി ന്യൂസിലാൻഡുമായുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇന്ന് നാഗ്പുരിൽ തുടക്കം. ഈ പരമ്പരയിലെ അവസാന മത്സരം ഈ മാസം 31ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്.
ന്യൂസിലാൻഡിനെതിരെ ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റുനിൽക്കുന്ന കോച്ച് ഗൗതം ഗംഭീറിനും ഇന്ത്യൻ സംഘത്തിനും സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ പരമ്പരയിലെ വിജയം അനിവാര്യമാണ്. സൂര്യകുമാർ യാദവിനുകീഴിലിറങ്ങുന്ന ഇന്ത്യയ്ക്ക് തിലക് വർമ്മയ്ക്ക് കളിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. ആ കുറവ് എങ്ങനെ പരിഹരിക്കാമെന്നതിന് ഗംഭീർ ഈ പരമ്പരയിലൂടയ മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു.
സഞ്ജുവിന് സുവർണാവസരം
കഴിഞ്ഞ ലോകകപ്പിൽ സംഘത്തിലുണ്ടായിരുന്നിട്ടും ഒറ്റ മത്സരത്തിൽപോലും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ഈ ലോകകപ്പിൽ തന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള സുവർണാവസരമാണ് ഈ പരമ്പര. ടെസ്റ്റ്, ഏകദിന നായകൻ ശുഭ്മാൻ ഗില്ലിനെ മാറ്റിനിറുത്തിയാണ് ഇന്ത്യ ഈ പരമ്പരയ്ക്കും ലോകകപ്പിനും ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ഓപ്പണറായി അഭിഷേക് ശർമ്മയ്ക്ക് ഒപ്പമിറങ്ങാൻ സഞ്ജുവിന് കഴിയും. കിവീസിനെതിരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാം. വിജയ് ഹസാരേ ട്രോഫിയിലെ സെഞ്ച്വറി ഉൾപ്പടെ സമീപകാലത്ത് മികച്ച ഫോമിലാണ് സഞ്ജു.
വെല്ലുവിളി സൂര്യയ്ക്ക്
കഴിഞ്ഞ 22 ട്വന്റി-20 ഇന്നിംഗ്സുകളിൽ ഒന്നിൽപോലും അർദ്ധസെഞ്ച്വറി നേടാൻ കഴിയാത്ത ഇന്ത്യൻ ക്യാപ്ടൻ സൂര്യകമാർ യാദവിന് വലിയ വെല്ലുവിളിയാണ് ഈ പരമ്പര. ഇന്ത്യൻ ക്യാപ്ടൻ കരിയറിൽ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പിന് മുമ്പ് ഒന്നോരണ്ടോ മികച്ച ഇന്നിംഗ്സുകൾ പുറത്തെടുക്കേണ്ട ഉത്തരവാദിത്വം ക്യാപ്ടനുണ്ട്.ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളിൽ നിന്ന് സൂര്യ ആകെ നേടിയത് 22 റൺസാണ്.
ഇഷാനോ ശ്രേയസോ ?
തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെത്തുടന്ന് ശ്രേയസ് അയ്യരെ ടീമിലെടുത്തിട്ടുണ്ട്. എന്നാൽ ഈ പരമ്പരയിൽ അയ്യരെ കളിപ്പിക്കുമോ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ കളിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. സഞ്ജുവുള്ളതിനാൽ വിക്കറ്റ് കകീപ്പറായി ഇഷാന് അവസരം ലഭിക്കില്ലെങ്കിലും തിലകിന്റെ പൊസിഷനിൽ ബാറ്ററായി കളിപ്പിച്ചേക്കും. ഇഷാന് തിളങ്ങാനായില്ലെങ്കിൽ ശ്രേയസിനെ പരീക്ഷിച്ചേക്കും.
അക്ഷർ തിരിച്ചെത്തുന്നു
ഏകദിന പരമ്പരയിൽ വിശ്രമത്തിലായിരുന്ന ആൾറൗണ്ടർ അക്ഷർ പട്ടേൽ ട്വന്റി-20യി തിരിച്ചെത്തുന്നുണ്ട്. ഫിനിഷിംഗ് റോളിൽ ഹാർദിക് പാണ്ഡ്യ, അക്ഷർ, റിങ്കു സിംഗ് എന്നിവരാകും ഉണ്ടാവുക. ബൗളിംഗ് ആൾറൗണ്ടർമാരിൽ ശിവം ദുബെയോ ഹർഷിത് റാണയോ ആകും കളിക്കുക. ഏകദിന പരമ്പരയിൽ നന്നായി ബാറ്റുചെയ്‌തത് റാണയ്ക്ക് മുൻതൂക്കം നൽകുന്നു.
ബ്രേസ്‌വെൽ ഇല്ലാതെ കിവീസ്
ഏകദിന പരമ്പരയിൽ കിവീസിനെ നയിച്ച മിച്ചൽ ബ്രേസ്‌വെൽ പരിക്കേറ്റതിനാൽ ആദ്യ ട്വന്റി-20യിൽ കളിക്കില്ല. ഇടത് കാൽവണ്ണയിൽ നേരിയ പരിക്കേറ്റതാണ് കാരണം. ഇതേത്തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിലേക്ക് ഫാസ്റ്റ് ബൗളിംഗ് ആൾറൗണ്ടർ ക്രിസ്റ്റ്യൻ ക്ളാർക്കിനെക്കൂടി ഉൾപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ ഏകദിനപരമ്പരയിൽ അരങ്ങേറ്റം കുറിച്ച ക്ളാർക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴുവിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
2024ൽ ഇന്ത്യൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയ ന്യൂസിലാൻഡ് ഈ വർഷം ആദ്യമായി ഇന്ത്യൻ മണ്ണിൽ ഏകദിന പരമ്പരയും നേടി. ഇനി ഇന്ത്യയിൽ ട്വന്റി-20 പരമ്പരയും കൂടിയേ അവർക്ക് നേടാനുള്ളൂ.
2024ലെ ലോകകപ്പ് വിജയത്തിന് ശേഷം എട്ട് ട്വന്റി-20 പരമ്പരകൾ ഇന്ത്യ നേടിയിട്ടുണ്ട്. ഒന്നുപോലും കൈവിട്ടിട്ടില്ല. ഈ കാലയളവിൽ കളിച്ച 34 ട്വന്റി-20 മത്സരങ്ങളിൽ 29 എണ്ണത്തിലും വിജയിക്കാനുമായി.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ്മ,ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ,അക്ഷർ പട്ടേൽ, റിങ്കുസിംഗ്,ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,ഹർഷിത് റാണ,അർഷ്ദീപ് സിംഗ്,ജസ്പ്രീത് ബുംറ,കുൽദീപ് യാദവ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.
ന്യൂസിലാൻഡ് : മിച്ചൽ സാന്റ്നർ (ക്യാപ്ടൻ), ഡെവോൺ കോൺവേയ്,ബെവോൺ ജേക്കബ്സ്, ടിം റോബിൻസൺ, മാർക്ക് ചാപ്മാൻ, സാക്ക് ഫ്ളോക്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം,ഗ്ളെൻ ഫിലിപ്പ്സ്,രചിൻ രവീന്ദ്ര,ക്രിസ്റ്റ്യൻ ക്ളാർക്ക്, ജേക്കബ്സ് ഡഫി,മാറ്റ് ഹെൻറി,കൈൽ ജാമീസൺ, ഇഷ് സോധി.
7pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |