SignIn
Kerala Kaumudi Online
Thursday, 19 February 2026 5.06 AM IST

സൂര്യനായ് ഭാരതം, അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

Increase Font Size Decrease Font Size Print Page
c

 തകർത്താടി 14കാരൻ വൈഭവ് സൂര്യവംശി (175)

ഹരാരേ: 80 പന്തിൽ 175 റൺസ്. 15 സിക്‌സർ, അത്രയും ബൗണ്ടറി. 14 കാരൻ വൈഭവ് സൂര്യവംശിയുടെ സംഹാരതാണ്ഡവം. അണ്ടർ 19 ലോകകപ്പ് കിരീടം ചൂടി ഇന്ത്യൻ പുലിക്കുട്ടികൾ.

ട്വന്റി-20 പുരുഷ ലോകകപ്പിന് ഇന്ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി തിരിതെളിയാനിരിക്കെ, 140 കോടി ഭാരതീയർക്ക് അത്യാവേശം. ആഹ്ളാദം. ട്വന്റി-20യിൽ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ. കിരീടം നിലനിറുത്താനിറങ്ങുന്ന സൂര്യകുമാറിന്റെ പടയ്ക്കും പ്രചോദനമായി കുഞ്ഞുസൂര്യന്റെ വൈഭവം.

ഫൈനലിൽ ഇംഗ്ളണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യ ആറാം അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യവംശിയുടെ അത്യുജ്ജ്വല സെഞ്ച്വറിയുടേയും ക്യാപ്ടൻ ആയുഷ് മാത്രേയുടെ അർദ്ധസെഞ്ച്വറിയുടേയും (53) മികവിൽ 50 ഓവറിൽ അടിച്ചുകൂട്ടിയത് 411/9 എന്ന റെക്കാഡ് സ്കോർ. അഭിഗ്യാൻ കുണ്ഡു(40), കനിഷ്ക് ചൗഹാൻ (37),വേദാന്ത് ത്രിവേദി (32), വിഹാൻ മൽഹോത്ര (30) എന്നിവരും മികച്ച സംഭാവന നൽകി.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒരുഘട്ടത്തിൽ 142/2 എന്ന നിലയിലായിരുന്നു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുകൾ പൊഴിഞ്ഞത് തിരിച്ചടിയായി. 40.2ഓവറിൽ 311ന് ആൾഔട്ടായി. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അംബരീഷും രണ്ട് വിക്കറ്റുകൾ വീതം നേടിയ ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനുമാണ് ഇംഗ്ളണ്ടിനെ എറിഞ്ഞൊതുക്കിയത്.

സൂര്യവംശി പ്ളേയർ

ഒഫ് ദ ഫൈനൽ

ഐ.സി.സി ടൂർണമെന്റ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സൂര്യവംശിയുടേത്. ടൂർണമെന്റിൽ നേടിയത് 439 റൺസ്.

6

ഇന്ത്യയുടെ ആറാം അണ്ടർ 19 പുരുഷലോകകപ്പ് കിരീടം. 2000,2008,2012, 2018,2022 വർഷങ്ങളിലാണ് ഇതിനുമുമ്പ് ജേതാക്കളായത്. ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് നേടിയ ടീം ഇന്ത്യയാണ്.

ട്വന്റി-20 ലോകകപ്പ്

ഇന്ന് ഇന്ത്യ - യു.എസ്

പത്താമത് പുരുഷ ട്വന്റി-20 ലോകകപ്പിനാണ് ഇന്ന് അരങ്ങുണരുന്നത്. ഇന്ന് മൂന്ന് മത്സരങ്ങൾ. രാവിലെ 11ന് കൊളംബോയിൽ പാകിസ്ഥാൻ നെതർലാൻഡ്സിനെയും ഉച്ചതിരിഞ്ഞ് മൂന്നിന് കൊൽക്കത്തയിൽ സ്കോട്ട്‌ലാൻഡ് വിൻഡീസിനെയും രാത്രി ഏഴിന് മുംബയിൽ ഇന്ത്യ അമേരിക്കയെയും നേരിടും.

TAGS: NEWS 360, NATIONAL, NATIONAL NEWS, CHAMPIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY