SignIn
Kerala Kaumudi Online
Thursday, 19 February 2026 5.05 AM IST

രഞ്ജിയിൽ കശ്മീരിന് ചരിത്ര സെമി

Increase Font Size Decrease Font Size Print Page
renji

ഇൻഡോർ: രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച് 67 വർഷങ്ങൾക്കു ശേഷം ആദ്യമായി സെമിഫൈനലിൽ ഇടം പിടിച്ച് ജമ്മു കശ്മീർ. ഇന്നലെ സമാപിച്ച ക്വാർട്ടർ ഫൈനലിൽ മദ്ധ്യപ്രദേശിനെ 56 റൺസിന് പരാജയപ്പെടുത്തിയാണ് കശ്മീരിന്റെ ചരിത്രനേട്ടം. രണ്ട് ഇന്നിംഗ്‌സുകളിലുമായി 12 വിക്കറ്റുകൾ വീഴ്ത്തി മദ്ധ്യപ്രദേശിന്റെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ പേസർ ആഖിബ് നബിയാണ് ജമ്മു കശ്മീരിന്റെ വിജയ ശിൽപി.

ആദ്യ ഇന്നിംഗ്സിൽ ജമ്മു കാശ്മീർ 194 റൺസിനും മദ്ധ്യപ്രദേശ് 152 റൺസിനും ആൾഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ കാശ്മീർ 248 റൺസ് നേടി. ഇതോടെ 291 റൺസിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ മദ്ധ്യപ്രദേശ് നാലാം ദിവസമായ ഇന്നലെ 234 റൺസിൽ ആൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും വിക്കറ്റുകളാണ് നബി നേടിയത്. ഈ രഞ്ജി ട്രോഫിയിൽ ടോപ് 5 വിക്കറ്റ് നേട്ടക്കാരിൽ ഇടം നേടിയ ഏക സീമർ ആണ് നബി, സീസണിൽ 46 വിക്കറ്റുകൾ നേടി.

രാഹുലിന് സെഞ്ച്വറി,

കർണാടക സെമിയിൽ

ക്വാർട്ടർ ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിൽ മുംബയ് ഉയർത്തിയ 325 റൺസിന്റെ ലക്ഷ്യം ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ തകർപ്പൻ സെഞ്ച്വറിയുടേയും (130) രവിചന്ദ്രൻ സ്മരണിന്റെ അപരാജിത അർദ്ധസെഞ്ച്വറിയുടേയും (83*) മികവിൽ ചേസ് ചെയ്ത് ജയിച്ച് കർണാടക രഞ്ജി ട്രോഫി സെമിയിൽ.

ആദ്യ ഇന്നിംഗ്സിൽ മുംബയ് 120 റൺസിന് ആൾഔട്ടായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ 377 റൺസ് നേടി കരുത്തുകാട്ടിയിരുന്നു. കർണാടക ആദ്യ ഇന്നിംഗ്സിൽ 173 റൺസിൽ അവസാനിച്ചിരുന്നു. കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ കർണാടകയ്ക്ക് മായാങ്ക് അഗർവാൾ (3), ക്യാപ്ടൻ ദേവ്‌ദത്ത് പടിക്കൽ (39), കരുൺ നായർ (13) എന്നിവരെ നഷ്ടമയെങ്കിലും രാഹുലും സ്മരണും ചേർന്ന സഖ്യം കൂട്ടിച്ചേർത്ത 147 റൺസ് നിർണായകമായി. രാഹുൽ മടങ്ങിയ ശേഷം സ്മരൺ വിദ്യാധർ പാട്ടീലിനെ (31*)കൂട്ടി വിജയത്തിലെത്തിച്ചു. ജാർഖണ്ഡിനെ ക്വാർട്ടറിൽ ഇന്നിംഗ്സിനും ആറുറൺസിനും കീഴടക്കിയ ഉത്തരാഖണ്ഡാണ് സെമിയിൽ കർണാടകത്തിന്റെ എതിരാളികൾ.

TAGS: NEWS 360, SPORTS, RENJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY