തിരുവനന്തപുരം : കഴിഞ്ഞ ദിവസം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ച ജി.വി രാജ അവാർഡുകളെച്ചൊല്ലിയുള്ള പരാതികൾ അവസാനിക്കുന്നില്ല. മികച്ച കോളേജ് തല കായിക അദ്ധ്യാപകനുള്ള പുരസ്കാരത്തിൽ തന്നെ തഴഞ്ഞതിനെതിരെ കോതമംഗലം എം.എ കോളേജിലെ കായികാദ്ധ്യാപകനായ ഹാരി ബെന്നിയാണ് ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ എ ലൈസൻസ് ഗോൾകീപ്പിംഗ് കോച്ചുകൂടിയായ തന്നേക്കാൾ യോഗ്യത കുറഞ്ഞവർക്ക് അവാർഡ് നൽകിയെന്നാണ് ഹാരി ബെന്നിയുടെ പരാതി. അവാർഡിന് പരിഗണിച്ച 2022-25 കാലഘട്ടത്തിൽ എം.എ കോളേജിന് വിവിധ മത്സരങ്ങളിലായി 250ലധികം മെഡലുകൾ ലഭിച്ചതും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഈ കോളേജിൽ നിന്ന് 12 സന്തോഷ് ട്രോഫി കളിക്കാരെ സൃഷ്ടിച്ചതും തന്റെ മികവായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി ഒരു ഫുട്ബാൾ ടീം പോലും ഇല്ലാത്ത കോളേജിലെ അദ്ധ്യാപകന് അവാർഡ് നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്.
ഉത്തേജ മരുന്നടിക്ക് വിലക്കിലായ കായികതാരത്തിന് ജി.വി രാജ അവാർഡ് പ്രഖ്യാപിച്ചതിനെതിരെ കേരള ഒളിമ്പിക് അസോസിയേഷൻ സ്പോർട്സ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര നീന്തൽതാരം സജൻ പ്രകാശിനെ അവാർഡിന് പരിഗണിക്കാത്തതിനും സർക്കാർ ഉദ്യോഗസ്ഥന് സ്പോർട്സ് ലേഖകനുള്ള അവാർഡ് നൽകിയതിനും എതിരെ പരാതികളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |