SignIn
Kerala Kaumudi Online
Thursday, 09 May 2024 4.20 PM IST

ഓ,മൈ ലോവ് ; ഗുഡ് ബൈ

joachim-loew

ക്ളൈമാക്സും കഴിഞ്ഞും തുടർന്നുപോയൊരു ക്ളാസിക് സിനിമ!. ഇങ്ങനെ ചുരുക്കിയെഴുതാം ജർമ്മൻ ഇതിഹാസ ഫുട്ബാൾ കോച്ച് യൊവാക്വിം ലോവിന്റെ കഥ.

ജർമ്മനി കണ്ട ഏറ്റവും മികച്ച ഫുട്ബാൾ കോച്ചുമാരിൽ ഒരാളെന്നല്ല,ജർമ്മനിയുടെ ഏറ്റവും മികച്ച കോച്ചെന്നുതന്നെ പറയണം ലോവിനെ. പക്ഷേ സ്വരം നന്നായിരിക്കുമ്പോൾ പാട്ടവസാനിപ്പിക്കാൻ കഴിയാതെ കർട്ടൻ താഴാൻ അപശ്രുതി മീട്ടാൻ കാത്തിരിക്കേണ്ടിവന്നു. പതിനഞ്ച് വർഷം ജർമ്മനിയെപ്പോലൊരു വലിയ ഫുട്ബാൾ ടീമിന്റെ കോച്ചായിരിക്കുക അത്ര ചെറിയ നേട്ടമല്ല.എന്നാൽ ഇത്രവലിയ സിംഹാസനത്തിൽ മോശക്കാരനായി തുടരുകയും അങ്ങനെതന്നെ പടിയിറങ്ങേണ്ടിവരികയും ചെയ്തു എന്നതാണ് വ്യക്തിപരമായി ലോവിന്റെ നഷ്ടം.

2004ൽ യൂർഗൻ ക്ളിസ്മാന്റെ സഹായിയായാണ് ലോവ് ജർമ്മൻ ടീമിനൊപ്പം ചേരുന്നത്. 2006 ലോകകപ്പിൽ സെമിയിൽ തോറ്റ് ക്ളിൻസ്മാൻ മടങ്ങിയപ്പോൾ മുഖ്യപരിശീലകന്റെ വേഷം ലോവിലേക്ക് എത്തുകയായിരുന്നു. വിപ്ളവകരമായ മാറ്റമാണ് പിന്നീട് ടീമിൽ കണ്ടത്. മിഷേൽ ബലാക്ക്,ക്ളോസെ തുടങ്ങിയ വെറ്ററന്മാർ പടിയിറങ്ങവേ ഫിലിപ്പ് ലാം,ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റീഗർ,പൊഡോൾസ്കി, പെർ മെറ്റ്സാർക്കർ,മാനുവൽ ന്യൂയർ തുടങ്ങിയ കരുത്തന്മാരുമായി ലോവിന്റെ ജർമ്മൻ എൻജിനീയറിംഗ് ആരാധക ശ്രദ്ധ പി‌ടിച്ചുപറ്റി. എതിരാളികളെല്ലാം ഭയപ്പാടോടെയാണ് ലോവിന്റെ തന്ത്രങ്ങളെ കണ്ടത്. 2008ലെ യൂറോകപ്പിന്റെ ഫൈനലിൽ തോൽപ്പിച്ച സ്പെയ്ൻ തന്നെ 2010 ലോകകപ്പ് സെമിയിലും ലോവിന്റെ സ്വപ്നങ്ങൾ തച്ചുടച്ചു. 2012 യൂറോയിലെ സെമി തോൽവി ഇറ്റലിക്കെതിരെയായിരുന്നു.

ഏറ്റവും മികച്ച ടീമെന്ന് വാഴ്ത്തപ്പെടുമ്പോഴും അലട്ടിയ കിരീടമില്ലായ്മയ്ക്ക് അറുതിവന്നത് 2014 ലോകകപ്പോ‌ടെയാണ്. അന്ന് ബ്രസീലിനെതിരെ അവരുടെ നാട്ടിൽ നേടിയ 7-1ന്റെ ജയം മാത്രം മതി ലോവ് എന്ന കോച്ചിനെ എക്കാലവും ഓർത്തിരിക്കാൻ. മെസിയുടെ കണ്ണീരുവീണ ഫൈനലിൽ മരിയോ ഗോസെയുടെ ഗോളിന് ജർമ്മനി ലോകകപ്പുയർത്തിയപ്പോൾ അത് ലോവിന്റെ പരിപൂർണതയായിരുന്നു. അവിടെവച്ച് വിജയശ്രീലാളിതനായി പടിയിറങ്ങാമായിരുന്നു ലോവിന്. എന്നാൽ വിടേണ്ടെന്നായിരുന്നു ജർമ്മൻ ഫുട്ബാൾ ഫെഡറേഷന്റെ തീരുമാനം. ലോവിനും അത് സമ്മതമായിരുന്നു.

2016ലെ യൂറോയിൽ മറ്റൊരു സെമി ദുരന്തം. എതിരാളികൾ ഫ്രാൻസ്. 2017ലെ കോൺഫെഡറേഷൻസ് കപ്പ് നേട്ടം ആത്മവിശ്വാസമുയർത്തിയെങ്കിലും ഷ്വെയ്ൻസ്റ്റീഗർ ഉൾപ്പടെയുള്ളവരുടെ വിരമിക്കലും ടീമിനുള്ളിൽ ഉരുണ്ടുകൂടിയ അതൃപ്തിയുടെ കാർമേഘങ്ങളും കല്ലുക‌ടിയായി. പഴകുന്തോറും ലോവിന്റെ വീര്യം കുറഞ്ഞുവന്നു. റഷ്യൻ ലോകകപ്പിൽ ആദ്യറൗണ്ടിൽത്തന്നെ ജർമ്മനി പുറത്തായതിന്റെ ഞെട്ടലിലും ലോവ് കോച്ചായി തുടർന്നു.1938ന് ശേഷം ആദ്യമായാണ് ജർമ്മനി ലോകകപ്പിന്റ ആദ്യ റൗണ്ടിൽ പുറത്തായത്. എന്നിട്ടും ത്ളുടെ ഏറ്റവും മികച്ച കോച്ചിന് ജർമ്മൻ ഫെഡറേഷൻ വീണ്ടും ചാൻസ് നൽകി, മറ്റൊരു ടീമും മറ്റൊരു കോച്ചിനും നൽകാത്തപോലെ. പക്ഷേ യൂറോ കപ്പ് വരയേ ഉണ്ടാകൂ എന്ന് വ്യക്തമായി പറഞ്ഞു. ഹാൻസി ഫ്ളിക്ക് എന്ന ബയേൺ കോച്ചിനെ പകരക്കാരനായി പ്രഖ്യാപിച്ചതിന് ശേഷമാണ് ലോവ് യൂറോയ്ക്ക് പുറപ്പെട്ടത്. പക്ഷേ അവസാന യാത്ര പ്രീ ക്വാർട്ടറിൽ അവസാനിച്ചിരിക്കുന്നു.

ഒരു പക്ഷേ കുറച്ചുനേരത്തേ ശുഭം എന്ന ടൈറ്റിൽ കാർഡ് തെളിഞ്ഞിരുന്നെങ്കിൽ പകരം വയ്ക്കാനില്ലാത്ത ക്ളാസിക്കായി ലോവ് ഓർമയുടെ അഭ്രപാളികളിൽ നിറഞ്ഞുനിന്നേനെ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOACHIM LOEW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.