ന്യൂഡൽഹി: ഇന്ത്യൻ വെറ്റ്റൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ഐ.പി.എല്ലിൽ നിന്നും വിരമിക്കുന്നു. അടുത്ത സീസണിൽ അദ്ദേഹം ഒരു പ്രമുഖ ഐ.പി.എൽ ടീമിന്റെ കോച്ചിംഗ് സ്റ്രാഫിൽ ഉണ്ടാകുമെന്നാണ് വിവരം. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് രണ്ട് കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ എത്തിയ 41 കാരനായ ഹർഭജന് കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിലേ കളിക്കാൻ കഴിഞ്ഞുള്ളൂ. യു.എ.ഇയിൽ നടന്ന രണ്ടാം പാദത്തിൽ ഒരുമത്സരത്തിൽ പോലും കളിച്ചിരുന്നില്ല. എന്നാൽ ടീമിലെ മറ്റ് സ്പിന്നർമാർക്ക് പരിശീലനം നൽകാൻ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.ഐ.പി.എല്ലിൽ 163 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ ഹർഭജൻ നേടിയിട്ടുണ്ട്. 2016ന് ശേഷം അദ്ദേഹം ദേശീയടീമിൽ കളിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഹർഭജൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |