ലിയോൺ : ആദ്യ നറുക്കെടുപ്പിൽ സാങ്കേതികപ്പിഴവുണ്ടായതിനെത്തുടർന്ന് വീണ്ടും നടത്തിയ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ നറുക്കെടുപ്പിലൂടെ റയൽ മാഡ്രിഡിന് എതിരാളികളായി പാരീസ് എസ്.ജിയെ ലഭിച്ചു. ആദ്യ നറുക്കെടുപ്പിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കി ക്രിസ്റ്റ്യാനോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികളായി ലഭിച്ചത് മെസിയുടെ പി.എസ്.ജിയെയായിരുന്നു.മറ്റ് ക്ളബുകളുടെ ഫിക്സ്ചറും പൂർത്തിയായിരുന്നെങ്കിലും പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മൊത്തം നറുക്കെടുപ്പ് റദ്ദാക്കി വീണ്ടും നടത്തുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും ഫ്രഞ്ച് ക്ളബ് ലിലെയും തമ്മിലുള്ള പോരാട്ടം മാത്രമാണ് ഇരു നറുക്കെടുപ്പുകളിലും ഒന്നുപോലെ വന്നത്. പി.എസ്.ജിക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികളായി ലഭിച്ചത് അത്ലറ്റിക്കോ മാഡ്രിഡിനെയാണ്. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ഇറ്റാലിയൻ ക്ളബ് ഇന്റർമിലാനെയും ബയേൺ മ്യൂണിക്ക് സാൽസ്ബർഗിനെയും നേരിടും. യുവന്റസിന് സ്പാനിഷ് ക്ളബ് വിയ്യാറയലാണ് എതിരാളികൾ. പറങ്കി ക്ളബ് ബെൻഫിക്ക ഡച്ച് ക്ളബ് അയാക്സിനെ നേരിടും.കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗിനെ നേരിടും.
പ്രീ ക്വാർട്ടർ ഫിക്സ്ചർ
ബെൻഫിക്ക Vs അയാക്സ്
വിയ്യാറയൽ Vs യുവന്റസ്
അത്ലറ്റിക്കോ Vs മാഞ്ചസ്റ്റർ യുണൈറ്റഡ്
സാൽസ്ബർഗ് Vs ബയേൺ മ്യൂണിക്ക്
ഇന്റർമിലാൻ Vs ലിവർപൂൾ
സ്പോർട്ടിംഗ് Vs മാഞ്ചസ്റ്റർ സിറ്റി
ചെൽസി Vs ലിലെ
പി.എസ്.ജി Vsറയൽ മാഡ്രിഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |