മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാൽ ക്വാർട്ടറിൽ കടന്നു. കരിയറിലെ 21-ാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന നദാൽ പ്രീക്വാർട്ടറിൽ അഡ്രിയാൻ മന്നാറിനോയെ വീഴ്ത്തിയാണ് നദാലിന്റെ മുന്നേറ്റം. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ 7-6 ( 16/14) ന് സ്വന്തമാക്കിയ നദാൽ അടുത്ത രണ്ട് സെറ്റുകളും 6-2, 6-2ന് അനായാസം നേടി ക്വാർട്ടർ ഉറപ്പിക്കുകയായിരുന്നു. 35 കാരനായ നദാൽ ഇത് 14-ാം തവണയാണ് ആസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടറിൽ എത്തുന്നത്. ക്വാർട്ടറിൽ കനേഡിയൻ താരം ഡെന്നിസ് ഷാപ്പലോവാണ് നദാലിന്റെ എതിരാളി. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും മൂന്നാം റാങ്കുകാരനുമായ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവിനെ അട്ടിമറിച്ചാണ് ഷാപ്പലോവ് ക്വാർട്ടർ ഉറപ്പിച്ചത്. നേരിട്ടുള്ള സെറ്റുകളിൽ 6-3, 7-6,6-3 നാണ് ഷാപ്പലോവ് ജയമുറപ്പിച്ചത്. ഫ്രഞ്ച് താരം ഗയേൽ മോൺഫിൽസ്, ഇറ്റാലിയൻ താരം ബെറേറ്റിനി എന്നിവരും അവസാന എട്ടിലിടം നേടി.
വനിതാ സിംഗിൾസിൽ നിലവിലെ ഒന്നാം റാങ്കുകാരിയും നാട്ടുകാരിയുമായ ആഷ്ലി ബാർട്ടി തുടർച്ചയായ മൂന്നാം തവണയും ക്വാർട്ടറിൽ എത്തി. 74 മിനിട്ട് നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ല സെറ്റുകളിൽ 6-4, 6-3നായിരുന്നു ബാർട്ടിയുടെ ജയം. നിലിവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ചെക്ക് റിപ്പബ്ലിക്കിന്റ ബാർബറ ക്രെസിക്കോവ മുൻ ലോക ഒന്നാം നമ്പർതാരം വിക്ടോറിയ അസരങ്കയെ 6-2, 6-2ന് വീഴ്ത്തി ക്വാർട്ടറിൽ കടന്നു. മാഡിസൺ കീസ്, ജെസീക്ക പെഗ്യൂല എന്നിവരും ക്വാർട്ടറിലേക്ക് മുന്നേറി.
സാനിയയും രാജീവും ക്വാർട്ടറിൽ
ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ മിർസ - രാജീവ് റാം സഖ്യം ക്വാർട്ടറിൽ കടന്നു. രണ്ടാം റൗണ്ടിൽ ആസ്ട്രേലിയൻ - ഡച്ച് ജോഡിയായ എല്ലെൻ പെരസ് - മാത്യു മിഡ്ഡെൽകൂപ്പ് സഖ്യത്തെ വീഴ്ത്തിയാണ് ഇന്തോ - അമേരിക്കൻ ജോഡി ക്വാർട്ടറിലെത്തിയത്. ഒരുമണിക്കൂർ 27 മിനിട്ട് നീണ്ട പോരാട്ടത്തിൽ 7-6,6-4 നാണ് സാനിയ-രാജീവ് സഖ്യത്തിന്റെ വിജയം.
നേരത്തേ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ ഈ സീസണോടെ കോർട്ടിൽ നിന്ന് വിരമിക്കുമെന്ന് സാനിയ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |