കോസ്റ്റാറിക്കയ്ക്ക് ലോകകപ്പ് യോഗ്യത,ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളുമായി
ദോഹ : പ്ലേ ഓഫ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസിലാൻഡിനെ കീഴടക്കി മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റാറിക്ക ഖത്തർ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഇതോടെ ലോകകപ്പിൽ പങ്കെടുക്കാനുള്ള 32 ടീമുകളുടെ പട്ടിക പൂർത്തിയായി. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്ളേ ഓഫ് ഫൈനലിൽ പെറുവിനെ ഷൂട്ടൗട്ടിൽ 5–4നു മറികടന്ന് ഓസ്ട്രേലിയ യോഗ്യത നേടിയിരുന്നു. ഖത്തർ ലോകകപ്പിൽ സ്പെയ്ൻ, ജർമനി, ജപ്പാൻ എന്നിവർക്കൊപ്പം ഇ ഗ്രൂപ്പിലാണ് കോസ്റ്റാറിക്ക കളിക്കുക.
മൂന്നാം മിനിട്ടിൽ ജോയൽ കാംപെൽ നേടിയ ഗോളാണ് കിവികൾക്കെതിരെ കോസ്റ്റാറിക്കയ്ക്ക് വിജയവും ലോകകപ്പ് ബർത്തും നേടിക്കൊടുത്തത്. 2014 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തി ആരാധകരെ വിസ്മയിപ്പിച്ച കോസ്റ്റാറിക്ക തുടർച്ചയായ മൂന്നാം ലോകകപ്പിനാണ് യോഗ്യത നേടിയത്. കിവികൾ പ്ലേഓഫിൽ തോറ്റ് പുറത്താകുന്നത് തുടർച്ചയായ രണ്ടാം തവണയാണ് . കഴിഞ്ഞ തവണ പെറുവിനോടായിരുന്നു പ്ളേ ഓഫിലെ തോൽവി.
32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായാണ് ലോകകപ്പിൽ മത്സരിക്കുന്നത്.
നവംബർ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്.
ഫൈനൽ ഡിസംബർ 18 ന്
ഗ്രൂപ്പ് എ
ഖത്തർ,ഇക്വഡോർ, സെനഗൽ, നെതർലാൻഡ്സ്
ഗ്രൂപ്പ് ബി
ഇംഗ്ളണ്ട്,ഇറാൻ, അമേരിക്ക, വേയ്ൽസ്
ഗ്രൂപ്പ് സി
അർജന്റീന,സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി
ഫ്രാൻസ്, ഓസ്ട്രേലിയ, ഡെന്മാർക്ക്, ടൂണീഷ്യ
ഗ്രൂപ്പ് ഇ
സ്പെയ്ൻ, കോസ്റ്റാറിക്ക, ജർമനി, ജപ്പാൻ
ഗ്രൂപ്പ് എഫ്
ബെൽജിയം, ക്രൊയേഷ്യ, കാനഡ, മൊറോക്കോ
ഗ്രൂപ്പ് ജി
ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ
ഗ്രൂപ്പ് എച്ച്
പോർച്ചുഗൽ, ഉറുഗ്വേ, കൊറിയ, ഘാന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |