കേരള ബ്ളാസ്റ്റേഴ്സ് Vs ഒഡീഷ എഫ്.സി
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ
ഭുവനേശ്വർ : സ്വന്തം കാണികൾക്ക് മുമ്പിൽ ജയവുമായി തുടങ്ങി തോൽവിയിലേക്ക് വീണ കേരള ബ്ളാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഒഡിഷ എഫ്.സിയുടെ തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ന് ബ്ളാസ്റ്റേഴ്സും ഒഡിഷ എഫ്.സിയും തമ്മിലുള്ള പോരാട്ടം.
കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തകർത്ത് തുടങ്ങിയ ഇവാൻ വുകോമനോവിച്ചിന്റെ ശിഷ്യർക്ക് പക്ഷേ രണ്ടാം മത്സരത്തിൽ അമിത ആത്മവിശ്വാസം വിനയാവുകയായിരുന്നു. മോഹൻ ബഗാൻ രണ്ടിനെതിരെ അഞ്ചുഗോളുകൾക്കാണ് മഞ്ഞപ്പടയെ മുക്കിക്കളഞ്ഞത്. ആർത്തുവിളിച്ച ആരാധകർക്ക് മുന്നിൽ ആദ്യ ഗോളടിച്ചശേഷമാണ് ബ്ളാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലെയും പ്രകടനം വിലയിരുത്തി പിഴവുകൾ പരിഹരിക്കാനും മെച്ചപ്പെടുത്തലുകൾ വരുത്താനുമുള്ള അവസരമാണ് വുകോമനോവിച്ചിന് ഇന്ന്.
ബ്ളാസ്റ്റേഴ്സിന്റെ അതേ വിധിതന്നെയാണ് ഒഡിഷയ്ക്കും നേരിടേണ്ടിവന്നത്. ആദ്യ കളിയിൽ ജംഷഡ്പുരിനെ 3-2ന് തോൽപ്പിച്ച് തുടങ്ങിയെങ്കിലും അടുത്ത മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയോട് 2-0ത്തിന് തോറ്റ് മടങ്ങേണ്ടിവന്നു. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാമതും അത്രതന്നെ പോയിന്റുള്ള ഒഡിഷ ഒൻപതാമതുമാണ്.
ഇന്ന് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ എവേ മാച്ചാണെങ്കിൽ ഒഡിഷയുടെ ആദ്യ ഹോംമാച്ചാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |