SignIn
Kerala Kaumudi Online
Friday, 26 April 2024 8.11 AM IST

ക്രൊയേഷ്യയെ തീർത്ത് കപ്പിനരികെ അർജന്റീന

argentina

ദോഹ: ലയണൽ മെസിയുടെ അർജന്റീനയെ പിടിച്ചു കെട്ടാൻ ലൂക്ക മൊഡ്രിച്ചിന്റെ ക്രൊയേഷ്യൻ പടയുടെ പോരാട്ടവീര്യത്തിനുമായില്ല. ലുസൈൽ സ്റ്റേഡിയം വേദിയായ ഒന്നാം സെമിയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ തകർത്ത് അർജന്റീന ഖത്ത‌ർ ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി. ജൂലിയൻ അൽവാരസ് ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോൾ മത്സരത്തിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി ക്യാപ്ടൻ ലയണൽ മെസി അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി.

നെതർലൻഡ്സിനെതിരെ ഇറങ്ങിയ ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് സ്കലോണി അ‌ർജന്റീനയെ കളത്തിലിറക്കിയത്. മഞ്ഞക്കാർഡ് മൂലം സസ്പെൻഷനിലായ അക്യുനയ്ക്ക് പകരം ടഗ്ലിയാഫിക്കോയേയും ലിസാൻഡ്രോ മാർട്ടിനസിന് പകരം ലിയാൻഡ്രോ പരെഡേസിനെയും ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തി മെസിയേയും ജൂലിയൻ അൽവാരസിനേയും മുന്നേറ്റത്തിൽ അണിനിരത്തി 4-4-2 ശൈലിയിലാണ് അർജന്റീന കളത്തിലിറങ്ങിയത്. മറുവശത്ത് ക്വാർട്ടറിൽ ബ്രസീലിനെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഡാലിച്ച് സെമിയിൽ വിന്യസിച്ചത്. 4-3-3 ശൈലിയിലാണ് അദ്ദേഹം ക്രൊയേഷ്യയെ വിന്യസിച്ചതെങ്കിലും അർജന്റീന പന്തുമായി മുന്നോട്ട് വരുമ്പോൾ അവർ 5-4-1 ശൈലിയിലേക്ക് മാറി മികച്ച പ്രതിരോധം പടുത്തുയർത്താനും അവർ ശ്രദ്ധിച്ചുന്നു.

ക്രൊയേഷ്യയുടെ ടച്ചോടുകൂടി തുടങ്ങിയ മത്സരത്തിൽ ആദ്യ പത്തു മിനിട്ടിൽ മികച്ചൊരു നീക്കം പോലും ഇരു ടീമിന്റേയും ഭാഗത്തു നിന്നുണ്ടായില്ല. മിഡ് ഫീൽഡിൽ തന്നെയായിരുന്നു കളി. തുടക്കത്തിൽ പന്തടക്കത്തിൽ ക്രൊയേഷ്യയായിരുന്നു മുന്നിൽ. 25-ാം മിനിട്ടിലാണ് അർജന്റീനയുടെ ഭാഗത്ത് നിന്ന് ഗോളിലേക്ക് ആദ്യ ഷോട്ട് വന്നത്. ബോക്സിനകത്തേക്ക് കയറുന്നതിനിടെ എൻസോ ഫെർണാണ്ടസിന്റെ വലങ്കാലൻ ഷോട്ട് ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് ഇടത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. തൊട്ടു പിന്നാലെ ക്രൊയേഷ്യയ്ക്കനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മൊഡ്രിച്ചിന് അത് മുതലാക്കാനായില്ല. 31-ാം മിനിട്ടിൽ പെരിസിച്ചിന്റെ ചിപ്പിംഗ് ഷോട്ട് അർജന്റീനൻ ഗോൾ പോസ്റ്റിന് മുകളിലൂടെ പോയി. തൊട്ടു പിന്നാലെയുള്ള നീക്കത്തിനൊടുവിലാണ് ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ച് വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത മെസി വലകുലുക്കി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങൾക്കിടെ വീണുകിട്ടിയ അവസരം മുതലാക്കി കൗണ്ടർ അറ്റാക്കിനവസാനം അൽവാരസ് നേടിയ സോളോ ഗോളിലൂടെ അർജന്റീന ലീഡുയർത്തുകയായിരുന്നു. 42-ാം മിനിട്ടിൽ അർജന്റീന മൂന്നാം ഗോളിനടുത്തെത്തിയെങ്കിലും മക് അലിസ്റ്രറുടെ ക്ലോസ് റേഞ്ച് ഹെഡ്ഡർ ലിവാകോവിച്ച് ഏറെ ശ്രമപ്പെട്ടാണ് തട്ടിയകറ്റിയത്.

രണ്ടാം പകുതിയിൽ ഒർസിച്ചിനേയും വ്ലാസിച്ചിനേയും കളത്തിലിറക്കി തുടക്കം മുതൽ ആക്രമണത്തിനാണ് ക്രൊയേഷ്യ ശ്രമിച്ചത്. എന്നാൽ കൃത്യമായ പ്രതിരോധം പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളുമായി അർജന്റീന ആത്മവിശ്വാസത്തോടെ പൊരുതുകയായിരുന്നു. ഗോൾ തിരിച്ചടിക്കാനായി ക്രൊയേഷ്യ ആക്രമണം കടുപ്പിച്ചപ്പോൾ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത അവരുടെ പ്രതിരോധത്തിലെ പിഴവുകൾ അർജന്റീന തുറന്നെടുക്കുകയായിരുന്നു. ക്രൊയേഷ്യൻ ആക്രമണങ്ങൾക്കിടെ 69-ാംമിനിട്ടിൽ മെസിയുടെ മികച്ച പാസിലൂടെ അൽവാരസ് ക്രൊയേഷ്യൻ വലകുലുക്കി അർജന്റീനയുടെ ജയമുറപ്പിച്ചു. മൂന്നാം ഗോളിന് പിന്നാലെ അൽവാരസിനെ പിൻവലിച്ച് ഈ ലോകകപ്പിൽ ആദ്യമായി ഡിബാലയ്ക്ക് സ്കലോണി അവസരം നൽകി.

ഗോളുകൾ ഇങ്ങനെ

34-ാം മിനിട്ട്: മദ്ധ്യഭാഗത്ത് ലഭിച്ച ത്രൂബാളുമായി സ്ഥാനം തെറ്റി നിന്ന ക്രൊയേഷ്യൻ പ്രതിരോധത്തെ മറികടന്ന് മുന്നേറിയ ജൂലിയൻ അൽവാരസിനെ ഗോൾ കീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി കിട്ടിയത്. ലിവാകോവിച്ചിനും റഫറിയുമായി തർക്കിച്ച കൊവാസിച്ചിനും മഞ്ഞക്കാർഡും കിട്ടി.കിക്കെടുത്ത മെസി പെനാൽറ്റി കിക്ക് തടയുന്നതിൽ അതിവിദഗ്ദ്ധനായ ലിവാകോവിച്ചിനെ നിഷ്പ്രഭനാക്കി വലകുലുക്കുകയായിരുന്നു.ഈ ഗോളോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന അർജന്റീന താരമെന്ന റെക്കാഡ് മെസി സ്വന്തമാക്കി.

39-ാം മിനിട്ട്: കൗണ്ടർ അറ്രാക്കിലൂടെ അർജന്റീന വീണ്ടും മുന്നിൽ. ജൂലിയൻ അൽവാരസ് മികച്ചൊരു സോളോ ഗോളിലൂടെ തന്റെ പ്രതിഭ ലോകത്തിന്കാണിച്ചു കൊടുത്തു. കൗണ്ടർ അറ്രാക്കിൽ മെസിയിൽ നിന്ന് കട്ടിയ പന്തുമായി സ്വന്തം ഹാഫിൽ നിന്ന് ഒറ്രയ്ക്ക് മുന്നേറിയ അൽവാരസ് തടയാനെത്തിയ മൂന്ന് ക്രൊയേഷ്യൻ ഡിഫൻഡർമാരേയും ഒടുവിൽ ഗോളി ലിവാകോവിച്ചിനെയും മറികടന്ന് ക്ലോസ് റേഞ്ച് ഫിനിഷിലൂടെ വലകുലുക്കുകയായിരുന്നു.

69-ാം മിനിട്ട് : മെസിയുടെ ലോകോത്തര അസിസ്റ്റിൽ ജൂലിയൻ അൽവാരസ് തന്റെ രണ്ടാമത്തേയും അർജന്റീനയുടെ മൂന്നാമത്തേയും ഗോൾ കണ്ടെത്തുന്നു. നിഴൽ പോലെ തന്നെ പൂട്ടാൻ എപ്പോഴും ഒപ്പമുണ്ടായിരുന്ന ക്രൊയേഷ്യൻ ഡിഫൻഡർ ഗ്വാർഡിയോളിനെ നിഷ്പ്രഭനാക്കിക്കളഞ്ഞൊരു നീക്കവും പാസുമായിരുന്നു മെസിയുടേത്. ത്രോയിൽ നിന്ന് കിട്ടിയ പന്തുമായി വലതുവിംഗിലൂടെ മുന്നേറിയ മെസി ഒപ്പമുണ്ടായിരുന്ന ഗ്വാർഡിയോളിനെ പലതവണ വെട്ടിയൊഴിഞ്ഞ് ഗോൾ പോസ്റ്രിനരികിൽ നിന്ന് നൽകിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ടതേയുണ്ടായിരുന്നുള്ളൂ അൽവാരസിന്.

മെസി @ 25 ലോകകപ്പിൽ മെസിയുടെ 25-ാം മത്സരമായിരുന്നു ഇന്നലത്തേത്. ഏറ്രവും കൂടുതൽ ലോകകപ്പ് മത്സരം കളിച്ച താരങ്ങളിൽ ജർമ്മനിയുടെ മുൻനായകൻ ലോതർ മത്തേവുസിനൊപ്പം ഒന്നാമതെത്താനും മെസിക്കായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ARGENTIAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.