ദുബായ്: യുഎഇയിൽ പുകവലിക്കെതിരെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കുട്ടികളുടെ സാന്നിദ്ധ്യത്തിൽ പുകവലിച്ചാൽ 5000 ദിർഹം (1.19 ലക്ഷത്താേളം രൂപ) പിഴ ചുമത്താനാണ് നീക്കം. ഇതിനുള്ള നിയമം കർശനമായി നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം കുട്ടികൾക്ക് പുകയില ഉൽപ്പങ്ങൾ വിൽക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്താൽ മൂന്നുമാസം തടവും നാലുലക്ഷത്തോളം രൂപ പിഴയും ലഭിക്കും. മദ്യമോ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന വസ്തുക്കളോ കുട്ടികൾക്ക് വിൽക്കുന്നതിനും ഈ ശിക്ഷ ബാധകമായിരിക്കും. കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരമാണിത്.
ഷോപ്പിംഗ് മാളുകളിൽ പരസ്യമായി ഇ- സിഗരറ്റ് ഉപയോഗിക്കുവർക്കെതിരെയും കർശന നടപടിയുണ്ടാകും. ഇത്തരക്കാരെ പിടികൂടാനായി പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. മാളുകളിൽ പുകവലിക്കാനായി പ്രത്യേക സ്ഥലങ്ങളുണ്ടെങ്കിലും പലരും പൊതുസ്ഥലങ്ങളിലാണ് പുകവലിക്കുന്നത്. ഇതുസംബന്ധിച്ച് പരാതികൾ ഏറിയതോടെയാണ് നടപടി കർശനമാക്കിയത്. പുകവലി നിരോധനം സംബന്ധിച്ച് പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പലരും കാര്യമാക്കുന്നില്ല. പാർക്കുകളിലും ബീച്ചുകളിലും മറ്റ് പാെതുവിനോദ കേന്ദ്രങ്ങളിലും പുകവലിക്ക് കർശനമായ വിലക്കുണ്ട്.
ഇ- സിഗരറ്റുകളും അതിലുപയോഗിക്കുന്ന രാസവസ്തുക്കളും നിയമപരമായാണ് യുഎഇയിൽ വിൽക്കുന്നത്. എന്നാൽ നിശ്ചിത പ്രദേശങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കാൻ അനുമതിയുള്ളൂ. താമസയിടങ്ങൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ 150 മീറ്റർ പരിധിയിൽ ഇവ ഉപയോഗിക്കാൻ അനുമതിയില്ല. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |