ലണ്ടൻ: ആൻഡേഴ്‌സൺ-ടെൻഡുൾക്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം ഓവലിൽ നാളെയാണ്. നിലവിൽ 2-1ന് പരമ്പരയിൽ മുന്നിട്ട് നിൽക്കുന്ന ഇംഗ്ളണ്ടിന് അവസാന നിമിഷം ഇന്ന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടീമിനെ നയിക്കാൻ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഉണ്ടാകില്ല. വലത് തോളിനേറ്റ പരിക്ക് കാരണമാണ് സ്റ്റോക്‌സ് പുറത്തിരിക്കുക. സ്റ്റോക്‌സിന്റെ അഭാവത്തിൽ ഒലി പോപ്പ് ആകും ഇംഗ്ളണ്ടിനെ നയിക്കുക.
നിലവിൽ ഇംഗ്‌ളണ്ടിന് സ്റ്റോക്‌സിന്റെ അഭാവം വലിയ തിരിച്ചടിയാണ്. മൂന്നും നാലും ടെസ്റ്റുകളിൽ പ്ളെയർ ഓഫ് ദി മാച്ച് ആയത് സ്‌റ്റോക്‌സ് ആയിരുന്നു. നാല് ടെസ്റ്റുകളിലായി 304 റൺസും 17 വിക്കറ്റുകളും സ്റ്റോക്‌സ് നേടിയിട്ടുണ്ട്. നാലാം ടെസ്‌റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിലുമായി ഇന്ത്യയോട് 35 ഓവറുകൾ ഇംഗ്‌ളണ്ട് നായകൻ ബൗൾ ചെയ്‌തിരുന്നു. അതിനാൽ തന്നെ തോളിന് പരിക്കേൽക്കാനും ഇടയായി.
സ്റ്റോക്‌സിന് പുറമേ പേസ് ബൗളർമാരായ ജോഫ്ര ആർച്ചറും, ബ്രൈഡൺ കാർസും പ്ളെയിംഗ് ഇലവനിൽ ഇല്ല. സ്‌പിന്നർ ലിയാം ഡോസണും ടീമിൽ ഉണ്ടാകില്ല. ഇവർക്ക് പകരം ജേക്കബ് ബെഥെൽ, ബൗളർമാരായ ഗസ് അട്‌കിൻസൺ, ജാമി ഓവർട്ടൺ എന്നിവർ ടീമിലുണ്ടാകും.
ഇംഗ്ളണ്ട് ടീം: സാക് ക്രോളി, ബെൻ ഡക്കറ്റ്, ഓലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥെൽ, ജെയ്‌മി സ്‌മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്‌സ്, ഗസ് അറ്റ്‌കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |