ടെഹ്‌റാൻ: പന്ത്രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനുശേഷം ഇസ്രയേലുമായി വെടിനിറുത്തലിന് ധാരണയായെങ്കിലും തങ്ങളെ ചതിച്ചവരെ വിടാതെ പിന്തുടരുകയാണ് ഇറാൻ. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയവരെയാണ് ഇറാൻ ലക്ഷ്യമിടുന്നത്. ചാരപ്രവർത്തിയുമായി ബന്ധപ്പെട്ട് അടുത്തിടെ മൂന്നുപേരെ ഇറാൻ തൂക്കിലേറ്റിയിരുന്നു. ഇതിനിടെ ഇറാനെതിരെ ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ച ഒരു ചാരവനിതയുടെ പേരാണ് കൂടുതലും ഉയർന്നുകേൾക്കുന്നത്.
ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകയായ കാതറിൻ പെരേസ് ഷക്‌ദം രഹസ്യചാര വനിതയായി രണ്ടുവർഷം മുൻപാണ് ഇറാനിൽ പ്രവേശിച്ചത്. ഇറാന്റെ അതീവരഹസ്യങ്ങൾ കൈമാറി ഇസ്രയേലിന്റെ ഓപ്പറേഷനുകൾ വിജയകരമാക്കാൻ സഹായിച്ചത് കാതറിൻ ആയിരുന്നു. ഫ്രാൻസിലെ ഒരു ജൂതകുടുംബത്തിലാണ് കാതറിൻ ജനിച്ചത്. ലണ്ടൻ സർവകലാശാലയിലെ പഠനകാലത്ത് കണ്ടുമുട്ടിയ മുസ്ളീം യെമനിയായിരുന്നു കാതറിന്റെ ഭർത്താവ്. വിവാഹത്തിനായി കാതറിൻ ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം നടത്തുകയും പിന്നീട് ഷിയ ഇസ്ലാം വിശ്വാസിയായി മാറുകയും ചെയ്തു. എന്നാൽ 2014ൽ ഇരുവരും വേർപിരിഞ്ഞു.
2017ലാണ് കാതറിൻ ഇറാനിലെത്തിയത്. റഷ്യൻ ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് കാതറിൻ ഇ ഇറാനിയൻ നേതാക്കളെ ആദ്യമായി കണ്ടുമുട്ടിയത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി, മുൻ ക്വുഡ്‌സ് ഫോഴ്‌സ് കമാൻഡർ സുലൈമാനി, മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസി എന്നിവരെയും കാതറിൻ പരിചയപ്പെട്ടു. ഖമനേയിയുടെ വെബ്‌സൈറ്റായ ഖമനി ഡോട്ട് ഐആറിൽ ബ്ളോഗറാവുകയും ചെയ്തു. ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സുമായുള്ള ബന്ധമാണ് ഇറാന്റെ അതീവ രഹസ്യവിവരങ്ങൾ ചോർത്താൻ കാതറിനെ സഹായിച്ചത്.
യെമനിലെ മുൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ കൺസൾട്ടന്റായ അവർ, ഇസ്ലാമിക ഭീകരത, റാഡിക്കലൈസേഷൻ, സെമിറ്റിസം എന്നിവയെക്കുറിച്ചുള്ള പ്രവർത്തനങ്ങൾക്കും പേരുകേട്ടയാളാണ്. ഇറാൻ ചാരവൃത്തി കണ്ടെത്തിയപ്പോഴേക്കും കാതറിൻ രാജ്യം വിട്ടിരുന്നു. നിലവിൽ കാതറിൻ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |