ബെയ്റൂട്ട്: ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം തുടരുന്നതിനിടെ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രയേൽ സൈന്യം രംഗത്തെത്തി. ഹസൻ നസ്റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഹസൻ നസ്രല്ല കൊല്ലപ്പെട്ടെന്ന് സൈനിക വക്താവ് ലെഫ്നന്റ് കേണൽ നദവ് ശോഷാനിയും എക്സിലൂടെ അറിയിച്ചു. വെള്ളിയാഴ്ച ലെബനൻ തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളെത്തുടർന്ന് ഹിസ്ബുള്ള മേധാവിയെ വകവരുത്തിയെന്ന് സൈനിക വക്താവ് ക്യാപ്റ്റൻ ഡേവിഡ് അവ്രഹാം എഎഫ്പിയോട് സ്ഥിരീകരിച്ചു.
നസ്റല്ലയുമായുള്ള ബന്ധം ഇന്നലെ വൈകുന്നേരം മുതൽ നഷ്ടപ്പെട്ടതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി അടുത്തുള്ള വൃത്തങ്ങൾ പറഞ്ഞു. എന്നാൽ നസ്റല്ല കൊല്ലപ്പെട്ടെന്ന കാര്യം ഹിസ്ബുള്ള ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഹിസ്ബുള്ളയുടെ തലവനാണ് നസ്റല്ല.
അതേസമയം, നസ്റല്ല കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നേരത്തെ ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. ഇസ്രയേൽ ലക്ഷ്യമിട്ടുള്ള സ്ഥലത്ത് അദ്ദേഹം ഇല്ലായിരുന്നെന്ന് സംഘടനയുടെ മീഡിയ റിലേഷൻ ഓഫീസർ ഹജ്ജ് മുഹമ്മദ് അഫീഫ് ഇറാനിയൻ മാദ്ധ്യമത്തെ അറിയിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎന്നിൽ അഭിസംബോധന നടത്തിയതിന് പിന്നാലെയായിരുന്നു ഇന്നലെ ബെയ്റൂട്ടിൽ സൈന്യം വ്യോമാക്രമണം നടന്നത്. ഹിസ്ബുള്ള കമാൻഡർമാരെ ഉന്നമിട്ട് ഇസ്രയേൽ തെക്കൻ ബെയ്റൂട്ടിൽ നടത്തിയ നാലാമത്തെ ആക്രമണമാണിത്.
കരയുദ്ധത്തിന്റെ മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം ലെബനന്റെ വടക്കൻ അതിർത്തിയിൽ കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചിരിക്കുകയാണ്. കരവഴി ലെബനനിലേക്ക് കടക്കാൻ ഇസ്രയേൽ സൈന്യത്തിന് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നീക്കം. യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാല്ലന്റ് സൈന്യത്തോട് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |