ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നാശനഷ്ടമുണ്ടായെന്ന് കാണിക്കുന്ന ഒരു ഫോട്ടോയെങ്കിലും കാണിച്ചുതരൂയെന്ന് വിദേശമാദ്ധ്യമങ്ങളെ വെല്ലുവിളിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. മദ്രാസ് ഐ.ഐ.ടിയിലെ 62-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ അതു ചെയ്‌തു, ഇതു ചെയ്‌തു എന്നെല്ലാം ന്യൂയോർക്ക് ടൈംസ് പോലെ ചില വിദേശമാദ്ധ്യമങ്ങൾ പറയുന്നു. അതിന് തെളിവ് എവിടെ ? ധാരാളം കാര്യങ്ങൾ എഴുതി വിടുന്നുണ്ട്. ഇന്ത്യൻ ഭാഗത്ത് ഒരു ഗ്ലാസ് പാളിയെങ്കിലും തകർന്നത് കാണിച്ചുതരൂ. സാറ്റലൈറ്റ് ഇമേജുകളിൽ പാകിസ്ഥാനുണ്ടായ ആഘാതം വ്യക്തമായി കാണാം. മേയ് 10ന് ശേഷവും മുമ്പും പാകിസ്ഥാന്റെ വ്യോമതാവളങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചാൽ മതി. അത് സരോഗ്ധയിലെ പാക് വ്യോമതാവളമായാലും റഹീം യാർ ഖാൻ, ചക്‌ലാല പാക് വ്യോമതാവളങ്ങളായാലും. ഇത്തരത്തിൽ ആക്രമിക്കാൻ ഇന്ത്യൻ സേന പ്രാപ്‌തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരിച്ചടിക്കാൻ 23
മിനിട്ട് മാത്രം
പഹൽഗാം ആക്രമണത്തിന് ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് മറുപടി നൽകിയത് 23 മിനിട്ട് മാത്രമെടുത്താണ്. മേയ് 7ന് പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തു. ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യമിട്ട എല്ലാ ഭീകരകേന്ദ്രങ്ങളെയും കൃത്യതയോടെ ആക്രമിച്ചു. ഒരിടത്തും ഒരു പിഴവുമുണ്ടായില്ല. 13 പാക് വ്യോമതാവളങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടാക്കി. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ കാര്യക്ഷമത തെളിയിച്ചു. അക്കാര്യത്തിൽ അഭിമാനമുണ്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം പരാജയപ്പെടുത്തിയെന്നും ഡോവൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |