ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂറിനെതിരെയുള്ള വിദേശ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഓപ്പറേഷൻ സിന്ദൂറിൽ ഒരു പിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് അജിത് ഡോവൽ പറഞ്ഞു. പാകിസ്ഥാന്റെ 13 വ്യോമതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല. അങ്ങനെ സംഭവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാൻ വിദേശ മാദ്ധ്യമങ്ങളെ അദ്ദേഹം വെല്ലുവിളിച്ചു. മദ്രാസ് ഐ,ഐ.ടിയിലെ 62-ാമത് ബിരുദ ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡോവൽ.
ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം കൃത്യമായിരുന്നു, ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ ഒരു ഉപഗ്രഹ ചിത്രമെങ്കിലും അവർക്ക് ഹാജരാക്കാൻ കഴിയുമോ. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇന്ത്യ പാകിസ്ഥാനിലെ 13 വ്യോമതാവളങ്ങളിൽ കൃത്യമായി ആക്രമണം നടത്തി. ഇതൊക്കെ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുകൊണ്ടു വന്നവയാണ്. എന്നാൽ വിദേശ മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ പക്ഷം പിടിച്ചാണ് വാർത്തകൾ നൽകുന്നത്. ഇന്ത്യക്ക് വലിയ നാശമുണ്ടായി എന്ന രീതിയിലാണ് പ്രചാരണമെന്നും ഡോവൽ പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചതിന് ശേഷം ഇന്ത്യക്കും തിരിച്ചടികൾ ഉണ്ടായെന്ന വാദങ്ങളെ തള്ളിയാണ് ഡോവലിന്റെ പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |