ന്യൂഡൽഹി: ചെനാബ് നദിയിലെ ക്വാർ അണക്കെട്ടിന്റെ നിർമ്മാണം വേഗത്തിലാക്കാൻ നീക്കം. ഇതിനായി രാജ്യം
3119 കോടിയുടെ വായ്‌പയെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിക്ക് 4526 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അണക്കെട്ട് പൂർത്തിയായാൽ ചെനാബ് നദിയിലൂടെ ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്ക്കാനാകും. പാകിസ്ഥാന് ഇത് വൻ തിരിച്ചടിയാണ്. പഹൽഗാം ആക്രണത്തിനു ശേഷം പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ നിറുത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ ചെനാബിലെ അണക്കെട്ട് കൂടി വരുമ്പോൾ പാകിസ്ഥാനിൽ ജലക്ഷാമം രൂക്ഷമാകും.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷന്റെയും (എൻ.എച്ച്.പി.സി) ജമ്മു ആൻഡ് കാശ്മീർ സ്റ്റേറ്റ് പവർ ഡെവലപ്‌മെന്റ് കോർപറേഷന്റെയും സംയുക്ത സംരംഭമായ ചെനാബ് വാലി പവർ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് പദ്ധതി ചുമതല. 540 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് വായ്പ തേടുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ഇതിനായി പലിശ നിരക്കുകൾ സംബന്ധിച്ച് അന്വേഷിച്ചതായാണ് റിപ്പോർട്ട്.
ജമ്മു കാശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നിർമ്മിക്കുന്ന അണക്കെട്ട് 109 മീറ്റർ ഉയരമുള്ളതായിരിക്കും. 2022 ഏപ്രിൽ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2024 ജനുവരിയിൽ ചെനാബ് നദിയുടെ ഗതിമാറ്റുകയും അണക്കെട്ട് നിർമ്മാണം തുടങ്ങുകയും ചെയ്തിരുന്നു. 2027-ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
3119 കോടി രൂപ വായ്‌പയെടുക്കാൻ നീക്കം
പദ്ധതിയുടെ ആകെ ചെലവ് 4526 കോടി
2027-ൽ നിർമാണം പൂർത്തിയാക്കുക ലക്ഷ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |