ലാഹോർ: പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ ഇന്ത്യയോ യുഎസ്സോ അല്ലെന്ന് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സ്വയം കുഴിതോണ്ടുകയായിരുന്നു എന്നർത്ഥം വരുന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലാണ് അദ്ദേഹം പറഞ്ഞത് ("we shot ourselves in our own foot"). പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസുമായി (പിഎംഎൽ-എൻ) ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വാസ്തവത്തിൽ, ഞങ്ങൾ സ്വന്തം കാലിൽ വെടിവച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുകൊണ്ട് സൈന്യം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു. ജനങ്ങളുടെ കഷ്ടപ്പാടുകൾക്കും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്‌ക്കും പിന്നിലെ കാരണം സൈനിക സേച്ഛാധിപതികളെ ജഡ്‌ജിമാർ പിന്തുണച്ചതാണ്. അവർ ഭരണഘടന ലംഘിക്കുമ്പോൾ ജഡ്‌ജിമാർ അത് നിയമവിധേയമാക്കുന്നു. പാർലമെന്റ് പിരിച്ചുവിട്ട നടപടി ജഡ്‌ജിമാർ അംഗീകരിച്ചത് എന്തുകൊണ്ടാണ്?'- നവാസ് ഷെരീഫ് ചോദിച്ചു.
അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുറ്റവിമുക്തനാക്കിയത്. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ നവാസ് നയിക്കും. 2001ൽ പിതാവ് സ്ഥാപിച്ച സ്റ്റീൽ മില്ലുമായി തനിക്ക് ബന്ധമില്ലെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനാകാത്തതിനാലാണ് 73 കാരനായ ഷെരീഫിന് 2018 ഡിസംബറിൽ അഴിമതി വിരുദ്ധ കോടതി ഏഴ് വർഷം തടവിനും പിഴയയ്ക്കും ശിക്ഷിച്ചത്. 2018 ജൂലായിൽ ശിക്ഷിക്കപ്പെട്ട് പത്ത് വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ട അവെൻഫീൽഡ് കേസിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. 2018ൽ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ഫ്ലാഗ്ഷിപ്പ് അഴിമതി കേസിലും അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |