
പൂനെ: ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരുടെ ആക്രമണത്തിൽ ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായിട്ടും കാഴ്‌ച തിരികെ കിട്ടിയിട്ടില്ലെന്ന് 28കാരി. ചെമ്പല്ലൂർ സ്വദേശിയായ പൂജ ഗുപ്‌തയാണ് ആക്രമിക്കപ്പെട്ടത്. പൂനെയിലെ കത്രജ്-ദേഹു ബൈപ്പാസ് റോഡിന് സമീപമായിരുന്നു ആക്രമണം.
സംഭവ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനായിരുന്നു കാർ ഓടിച്ചത്. ഇരുചക്രവാഹനത്തിൽ മൂന്ന് പേരുണ്ടായിരുന്നു. ഇവരിൽ ഒരാളുടെ കാലിലൂടെ കാർ കയറിയെന്ന് ആരോപിച്ചുള്ള തർക്കമാണ് ആക്രമണത്തിലേക്ക് വഴിവച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ മൂന്നുപേരും ചേർന്ന് യുവതിയെയും പ്രതിശ്രുത വരനെയും നേരെ അസഭ്യം പറയാൻ തുടങ്ങി. കല്ലെറിഞ്ഞ് കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തു. ഭയന്ന് കാർ മുന്നോട്ടെടുത്തെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങിയപ്പോൾ പിന്തുടർന്നെത്തിയവർ വീണ്ടും ആക്രമണം നടത്തി. കാറിന്റെ ബാക്കി ചില്ലുകൾ കൂടി തകർത്തു. ഇതിനിടയിൽ തകർന്ന ഗ്ലാസിന്റെ ഒരു കഷ്‌ണം തുളച്ച് കയറിയാണ് യുവതിയുടെ കണ്ണിന് പരിക്കേറ്റത്.
ഉടൻ തന്നെ പൂജയെ ചിഞ്ച്‌വാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്‌ച നഷ്‌ടപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അടിയന്തരമായി ശസ്‌ത്രക്രിയ നടത്തി. ഒരാഴ്‌ച കഴിഞ്ഞിട്ടും തനിക്ക് കാഴ്‌ച തിരിച്ച് കിട്ടിയിട്ടില്ലെന്ന് യുവതി പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ ഇതിനെതിരെ മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |