
ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായാണ് ദുബായിയെ കണക്കാക്കുന്നത്. കർശനമായ നിയമങ്ങൾ, അച്ചടക്കമുള്ള സാമൂഹിക അന്തരീക്ഷം, ശക്തമായ സുരക്ഷാ സംവിധാനം എന്നിവയൊക്കെ കൊണ്ടാണ് ഈ ഗൾഫ് രാജ്യം സുരക്ഷിതമാണെന്ന് ആളുകൾ കണക്കാക്കുന്നത്. തനിക്ക് കിട്ടാൻ പോകുന്ന വലിയ ശിക്ഷയെക്കുറിച്ചോർത്ത് പലരും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കുന്നു.
കേൾക്കുന്നതുപോലെ ദുബായ് സുരക്ഷിതമാണോ? ദുബായിലെ ഒരു താമസക്കാരി നടത്തിയ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദുബായിലെ ഗോൾഡ് സൂക്കിലെ തിരക്കേറിയ പ്രദേശത്ത് യുവതി 100,000 ദിർഹം (ഏകദേശം 22-23 ലക്ഷം രൂപ) വിലമതിക്കുന്ന ഹാൻഡ്ബാഗ് വയ്ക്കുകയും അവിടെ നിന്ന് പോകുകയും ചെയ്‌തു.
ബാഗ് നഷ്ടമാകുമോയെന്ന ചിന്തയിൽ വളരെ ഉത്കണ്ഠയോടെയാണ് യുവതി പോയത്. ഏറെ നേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ആഡംബര ഹാൻഡ്ബാഗ് യുവതി ഇട്ടിട്ടുപോയ സ്ഥലത്തുതന്നെയുണ്ടായിരുന്നു. ആരും അത് തൊട്ടുനോക്കുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു കാര്യം ദുബായിൽ മാത്രമേ നടക്കുകയുള്ളൂവെന്നും യുവതി വ്യക്തമാക്കി.
വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായി. പലരും സ്വന്തം അനുഭവങ്ങൾ കമന്റുകളിൽ പങ്കുവച്ചു. പാർക്കുകളിലും സൂപ്പർമാർക്കറ്റുകളിലും പലതവണ ഫോൺ മറന്നുവെച്ചിരുന്നതായും മണിക്കൂറുകൾക്ക് ശേഷവും അത് അവിടെ കണ്ടെത്തിയതായും ഒരാൾ കമന്റ് ചെയ്തു. ഇത്തരം സംഭവങ്ങൾ ദുബായിൽ മാത്രമേ നടക്കൂവെന്നും ഇന്ത്യയിൽ ഇത് പരീക്ഷിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |