SignIn
Kerala Kaumudi Online
Thursday, 19 February 2026 4.33 AM IST

ഇനി നിത്യതയിൽ; മാർപാപ്പയ്ക്ക് സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

Increase Font Size Decrease Font Size Print Page
pope

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സംസ്കാര ശുശ്രൂഷകൾ പൂർത്തിയായശേഷം വിലാപയാത്രയായാണ് സെന്റ് മേരി മേജർ ബസിലിക്കയിൽ ഭൗതികശരീരം എത്തിച്ചത്. ജനസാഗരമായി സെന്റ് പീറ്റേഴ്‌സ് ചത്വരം മാറിയിരുന്നു.

കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ സംസ്‌കാര ചടങ്ങിന്റെ മുഖ്യകാർമികത്വം വഹിച്ചത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരായി.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാൻ 130 രാജ്യങ്ങളിൽ നിന്ന് പ്രതിനിധി സംഘങ്ങൾ എത്തി. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു, മാർപ്പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. മറ്റ് ലോകനേതാക്കൾക്കൊപ്പം സംസ്‌കാരചടങ്ങിലും പങ്കെടുത്തു. കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തി.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുക്രെയിൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കി തുടങ്ങിയവരും മാർപ്പാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, POPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY