ലണ്ടൻ : രുചികരമായ ഭക്ഷ്യ വിഭവങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് തക്കാളി. എല്ലാ അടുക്കളകളിലും തക്കാളിയുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാലിപ്പോൾ യു.കെയിൽ സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകൾ തക്കാളികളില്ലാതെ ഒഴിച്ചിട്ടിരിക്കുകയാണ്.
കടുത്ത തക്കാളി ക്ഷാമമാണ് കാരണം. തക്കാളിയ്ക്കായി മൊറോക്കോ, സ്‌പെയിൻ തുടങ്ങിയ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയാണ് യു.കെ കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഇവിടങ്ങളിലെ തക്കാളി ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതാണ് യു.കെയിലെ ക്ഷാമത്തിന് കാരണം. തക്കാളികൾ കിട്ടാത്തതിന്റെ കാരണം സഹിതമുള്ള ബോർഡുകൾ ചില സൂപ്പർ മാർക്കറ്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മൊറോക്കോയിൽ ആദ്യം കടുത്ത ചൂടും ശൈത്യവും മാറി വന്നതും വെള്ളപ്പൊക്കമുണ്ടായതും കൃഷി നാശത്തിന് കാരണമായി. സ്‌പെയിനിലും സമാന കാലാവസ്ഥാ മാറ്റം വിളവെടുപ്പ് മന്ദഗതിയിലാക്കി. തക്കാളി മാത്രമല്ല, വെള്ളരി, ചില പഴ വർഗ്ഗങ്ങൾ എന്നിവയ്ക്കും യു.കെയിൽ ക്ഷാമം നേരിടുന്നുണ്ട്. അതേ സമയം, ക്ഷാമം താത്കാലികമാണെന്ന് വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |