റോം : പോയ വർഷം റെക്കാഡ് ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങൾ കടന്നുപോയത്. ഇത്തവണയും ഇത് ആവർത്തിക്കുമെന്ന ഭീതിയിലാണ് ഇറ്റലി. ആഴ്ചകളോളം മഴയില്ലാത്ത വരണ്ട കാലാവസ്ഥ അനുഭവപ്പെട്ട ഇറ്റാലിയൻ നഗരമായ വെനീസിൽ കനാലുകൾ വറ്റി വരണ്ടതാണ് ആശങ്കകൾക്ക് കാരണം. നഗരത്തിലെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കനാലുകളിലൂടെയുള്ള യാത്രയ്ക്കായി നൂറുകണക്കിന് സഞ്ചാരികളാണ് വെനീസിൽ ദിനംപ്രതി എത്തുന്നത്. എന്നാൽ ചെറു കനാലുകൾ ഉണങ്ങി ചെളി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. വെനീസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക കനാലുകളിലൂടെ അലസമായി ഒഴുകുന്ന ' ഗൊണ്ടോള " എന്നറിയപ്പെടുന്ന വള്ളങ്ങളാണ്. വെനീസിലെ അതിശയിപ്പിക്കുന്ന മദ്ധ്യകാലഘട്ട വാസ്തുവിദ്യ വിളച്ചോതുന്ന കെട്ടിടങ്ങളും പാലങ്ങളും കണ്ടുകൊണ്ടുള്ള ഗൊണ്ടോള യാത്രയില്ലെങ്കിൽ സഞ്ചാരികൾക്ക് തൃപ്തി വരാറില്ല. കനാലുകളിൽ വെള്ളം അപ്രത്യക്ഷമാകുന്നത് നൂറുകണക്കിന് ഗൊണ്ടോള തുഴച്ചിലുകാരെയും ആശങ്കയിലാഴ്ത്തുന്നു. വെനീസിൽ ഈ സമയത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത് അസാധാരണമാണ്. സാധാരണ വെള്ളപ്പൊക്കമാണ് വെനീസിന്റെ പ്രധാന ആശങ്കകളിലൊന്ന്. അതേ സമയം, ആൽപ്സ് മലനിരകളിൽ സാധാരണത്തേതിൽ നിന്ന് പകുതി മാത്രം മഞ്ഞുവീഴ്ചയുണ്ടായതും ചൂട് കടുക്കുമെന്ന സൂചന നൽകുന്നു. ഇറ്റലിയിലെ ഏറ്റവും നീളം കൂടിയ നദിയായ പോ ഉൾപ്പെടെയുള്ള ജലാശയങ്ങളിലും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.