SignIn
Kerala Kaumudi Online
Friday, 20 September 2024 3.24 AM IST

യുക്രെയിനിൽ റഷ്യൻ കടന്നു കയറ്രം ഒരാണ്ട് പിന്നിടുമ്പോൾ

Increase Font Size Decrease Font Size Print Page
russia

യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നു. ആയിരക്കണക്കിന് സാധാരണക്കാർ മരിച്ചുവീണു. യുക്രെയിനിൽ നിന്ന് പാലായനം ചെയ്തത് ലക്ഷക്കണക്കിന് പേർ. ശ്മശാന ഭൂമി പോലെ നൂറുകണക്കിന് നഗരങ്ങൾ. ഒരു വർഷമെത്തിയിട്ടും സംഘർഷങ്ങളുടെ അവസാനം ഇപ്പോഴും വിദൂരമാണ്. അതിനിടെ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിന് നൽകുന്ന സൈനിക സഹായങ്ങൾ നാറ്റോയും റഷ്യയും തമ്മിൽ മുഖാമുഖമുള്ള പോരാട്ടത്തിലേക്ക് വഴിതുറക്കുമോ എന്ന ഭീതി ഒഴിയാതെ പിന്തുടരുന്നു. അങ്ങനെ സംഭവിച്ചാൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിനാകും ലോകം സാക്ഷിയാവുക. കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രെയിൻ അധിനിവേശം കടന്നുപോയ പ്രധാന നാൾവഴികളിലൂടെ....

 2022 - ഫെബ്രുവരി

ഫെബ്രുവരി 24, പ്രാദേശിക സമയം പുലർച്ചെ 3.30ന് തുറമുഖ നഗരമായ മരിയുപോളിൽ ഉഗ്രസ്ഫോടനത്തോടെ യുക്രെയിൻ ഉണർന്നു. കിഴക്കൻ യുക്രെയിനിലെ (ഡോൺബാസ് ) ജനങ്ങളുടെ സുരക്ഷയ്ക്ക് 'പ്രത്യേക സൈനിക നടപടി" ആരംഭിക്കുന്നതായി പുലർച്ചെ 5 മണിയോടെ പുട്ടിൻ പ്രഖ്യാപിച്ചു. ഇടപെടാൻ ശ്രമിച്ചാൽ അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം അനന്തരഫലം അഭിമുഖീകരിക്കേണ്ടി വരുമെന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്. പിന്നാലെ,​ യുക്രെയിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിന്ന് റഷ്യൻ സൈന്യം ഇരച്ചുകയറി. തലസ്ഥാനമായ കീവ്,​ ഒഡേസ,​ ക്രാമറ്റോർസ്ക്,​ ഖാർകീവ്, നിപ്രോ, ലുഹാൻസ്ക്, സുമി, സൈറ്റോമയർ, ലിവീവ് തുടങ്ങിയ നഗരങ്ങളിൽ തീമഴ പോലെ മിസൈലുകൾ പെയ്തിറങ്ങി. അയൽ രാജ്യമായ ബെലറൂസിന്റെ അതിർത്തിയിൽ നിന്ന് റഷ്യൻ ടാങ്കുകൾ യുക്രെയിനിലേക്ക് കടന്നുകയറി. റഷ്യൻ പാരാട്രൂപ്പുകൾ പാരഷൂട്ടിൽ പറന്നിറങ്ങി. കരയിൽ നിന്നും ആകാശത്തു നിന്നും യുക്രെയിനെ റഷ്യ പൂർണമായും വളഞ്ഞു. ക്രൂസ് മിസൈലുകളും റോക്കറ്റുകളും ഗൈഡഡ് ബോംബുകളും വ്യോമതാവളങ്ങളെയും മിലിട്ടറി ബേസുകളെയും കമാൻഡ് പോസ്റ്റുകളെയും തകർത്തു.

യുക്രെയിനിലെ റഷ്യൻ വംശജരുടെ സംരക്ഷണം, യുക്രെയിനിന്റെ നാറ്റോ അംഗത്വം, സൈനികവത്കരണം എന്നിവ തടയൽ തുടങ്ങിയവയാണ് സൈനിക നടപടിക്ക് റഷ്യ നിരത്തിയ പ്രധാന കാരണങ്ങൾ. കീവ് അടക്കം വടക്ക് കിഴക്കൻ നഗരങ്ങളിൽ യുക്രെയിൻ ശക്തമായ ചെറുത്തുനിൽപ് നടത്തി. താൻ കീവിൽ തന്നെയുണ്ടെന്ന് കാട്ടി പ്രസിഡൻഷ്യൽ പാലസിന് മുന്നിൽ നിന്നുള്ള വീഡിയോ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പുറത്തുവിട്ടു.

ഇതിനിടെ,​ കീവിലെ ഹോസ്റ്റോമൽ എയർപോർട്ട് ( ആന്റനോവ് എയർപോർട്ട് ) തകർന്ന് തരിപ്പണമായി. യുക്രെയിന്റെ അഭിമാന ചിഹ്നമായ ലോകത്തിലെ ഏറ്റവും വലുതും ഭാരംകൂടിയതുമായ വിമാനം ആന്റനോവ് എഎൻ - 225 ' മ്രിയ "യും തകർന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തത്തിന് വേദിയായ യുക്രെയിനിലെ ചെർണാബിൽ മേഖലയ്ക്ക് സമീപം റഷ്യൻ സേനയെത്തിയത് കടുത്ത ആശങ്ക സൃഷ്ടിച്ചു.

 മാർച്ച്

മാർച്ച് 2ന് തെക്കൻ നഗരമായ ഖേഴ്സണിന്റെ നിയന്ത്രണം പിടിച്ചെന്ന് റഷ്യ. നഗരത്തെ ഉൾക്കൊള്ളുന്ന ഖേഴ്സൺ പ്രവിശ്യയുടെ നല്ലൊരു ഭാഗവും റഷ്യ പിടിച്ചു. തൊട്ടടുത്ത് യൂറോപ്പിലെ ഏറ്റവും വലിയ ന്യൂക്ലിയർ പ്ലാന്റായ സെപൊറീഷ്യ അടങ്ങുന്ന പ്രവിശ്യയുടെ ഭൂരിഭാഗത്തും റഷ്യ അധിപത്യം ഉറപ്പിച്ചു. കീവിലേക്ക് കടക്കാനാകാതെ റഷ്യൻ സൈനിക വ്യൂഹം കുടുങ്ങി. മാർച്ച് 16ന് മരിയുപോളിൽ ജനങ്ങൾ അഭയം തേടിയ തിയേറ്റർ റഷ്യ തകർത്തു. നൂറുകണക്കിന് പേർ മരിച്ചു. മാർച്ച് 29ന് കീവിനും സമീപ പ്രദേശത്ത് നിന്നും റഷ്യ പിൻവാങ്ങി ഡോൺബാസിലേക്ക് കേന്ദ്രീകരിച്ചു. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തത് മുതൽ റഷ്യൻ അനുകൂല വിമതരും യുക്രെയിൻ സൈന്യവും ഏറ്റുമുട്ടുന്നയിടമാണ് ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകളടങ്ങുന്ന ഡോൺബാസ്.

 ഏപ്രിൽ

റഷ്യ പിന്മാറിയതോടെ കീവിലെ ഭീകര ദൃശ്യങ്ങൾ പുറംലോകം കണ്ടു. ബുച പട്ടണത്തിൽ നൂറുകണക്കിന് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടന്നു. പലരും ക്രൂരതകൾക്ക് ഇരയായെന്ന് കണ്ടെത്തി. ഏപ്രിൽ 9ന് ക്രാമറ്റോർസ്കിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ വ്യോമാക്രമണത്തിൽ 50ലേറെ പേർ മരിച്ചു. 100ലേറെ പേർക്ക് പരിക്ക്. മരിയുപോൾ പിടിക്കാൻ കടുത്ത പോരാട്ടം. ഏപ്രിൽ 13ന് റഷ്യയുടെ കരിങ്കടൽ ഫ്ലീറ്റിലെ പടക്കപ്പലായ മോസ്ക്‌വയെ യുക്രെയിൻ തകർത്തു. റഷ്യയ്ക്കേറ്റ ആദ്യത്തെ കനത്ത തിരിച്ചടി.


 മേയ്

മൂന്ന് മാസത്തെ ചെറുത്ത് നിൽപ്പിനൊടുവിൽ മരിയുപോളിലെ അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിലയുറപ്പിച്ചിരുന്ന യുക്രെയിൻ പോരാളികൾ കീഴടങ്ങി. മരിയുപോൾ പൂർണമായും റഷ്യയ്ക്ക്. ഇതോടെ ക്രൈമിയയും റഷ്യയും തമ്മിൽ കര ഇടനാഴി സൃഷ്ടിക്കാനായി. മേയ് 18ന് ഫിൻല‌ൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ അപേക്ഷ നൽകി.

 ജൂൺ

യു.എസിന്റെ ഹിമാർസ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകടക്കം കൂടുതൽ പാശ്ചാത്യ ആയുധങ്ങൾ യുക്രെയിനിലേക്ക്. ജൂൺ 30ന് ഒഡേസയ്ക്ക് സമീപം കരിങ്കടലിലുള്ള സ്നേക്ക് ഐലൻഡിൽ നിന്ന് റഷ്യ പിന്മാറി.

 ജൂലായ്

ജൂലായ് 22ന് തുർക്കിയുടെയും യു.എന്നിന്റെയും മദ്ധ്യസ്ഥതയിൽ യുക്രെയിനിൽ നിന്ന് ധാന്യങ്ങൾ കരിങ്കടൽ വഴി കയറ്റുമതി ചെയ്യാൻ റഷ്യ ധാരണയിലെത്തി. ജൂലായ് 29ന് റഷ്യൻ നിയന്ത്രണത്തിലുള്ള ഒലെനിവ്‌കയിലെ ജയിലിന് നേരെ മിസൈലാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ചൊല്ലി റഷ്യയും യുക്രെയിനും പരസ്പരം കുറ്റപ്പെടുത്തി. മരിയുപോളിൽ നിന്ന് റഷ്യ പിടികൂടിയ യുക്രെയിൻ സൈനികർ അടക്കം 53 മരണം.

 ഓഗസ്റ്റ്

ഓഗസ്റ്റ് 9ന് ക്രൈമിയയിലെ റഷ്യൻ എയർബേസിൽ യുക്രെയിൻ സ്ഫോടനം. ഒരാഴ്ചയ്ക്ക് ശേഷം ക്രൈമിയയിലെ ഊർജ,​ ആയുധ സംഭരണ കേന്ദ്രങ്ങളിൽ സ്ഫോടന പരമ്പര. ഓഗസ്റ്റ് 20ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനും യുക്രെയിൻ അധിനിവേശത്തിന്റെ ശില്പിയുമായ അലക്സാണ്ടർ ഡുഗിന്റെ ഏക മകൾ ഡാരിയ ഡുഗിന ( 29 ) മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പിന്നിൽ യുക്രെയിൻ സ്പെഷ്യൽ സർവീസാണെന്ന് റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി) ആരോപിച്ചെങ്കിലും യുക്രെയിൻ നിഷേധിച്ചു.

 സെപ്തംബർ

സെപ്തംബർ 6ന്,​ ഖാർക്കീവിൽ യുക്രെയിന്റെ അപ്രതീക്ഷിത കടന്നാക്രമണം. വിശാലമായ പ്രദേശങ്ങളിൽ നിന്ന് റഷ്യ പിന്മാറി. സെപ്തം. 21ന് യുക്രെയിനിലേക്ക് 300,​000 റിസേർവ് സൈനികരെ അയയ്ക്കാൻ പുട്ടിന്റെ ഉത്തരവ്. റിക്രൂട്ട്മെന്റ് ഭയന്ന് നിരവധി റഷ്യക്കാർ അയൽരാജ്യങ്ങളിലേക്ക് കടന്നു. തങ്ങൾ പിടിച്ചെടുത്ത ഡൊണെസ്ക്,​ ലുഹാൻസ്ക്,​ ഖേഴ്സൺ,​ സെപൊറീഷ്യ പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനോട് ചേർക്കാൻ റഷ്യ ഹിത പരിശോധന നടത്തി. പരിശോധന അനുകൂലമെന്ന് റഷ്യ. തട്ടിപ്പെന്ന് യുക്രെയിനും പാശ്ചാത്യ ലോകവും. സെപ്തംബർ 30ന് ഈ നാല് പ്രവിശ്യകളെ റഷ്യയോട് കൂട്ടിച്ചേർത്തെന്ന് പുട്ടിന്റെ പ്രഖ്യാപനം.

 ഒക്ടോബർ

ഒക്ടോ. 8ന് ക്രൈമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഭീമൻ റെയിൽ - റോഡ് കടൽപ്പാലമായ കെർച് പാലത്തിൽ ട്രക്ക് ബോംബ് സ്ഫോടനം. പാലത്തിന്റെ ഒരു ഭാഗം കടലിൽ പതിച്ചു. പിന്നിൽ യുക്രെയിനെന്ന് പുട്ടിൻ. പ്രതികാരമായി യുക്രെയിന്റെ ഊർജ സംവിധാനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ രൂക്ഷമായ റഷ്യൻ മിസൈലാക്രമണം. അന്ന് മുതൽ യുക്രെയിനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ റഷ്യ ആക്രമണം തുടരുന്നു. രാജ്യത്തെ വൈദ്യുതി വിതരണത്തെ ഇത് വ്യാപകമായി തടസപ്പെടുത്തുന്നു.


 നവംബർ

നവം. 9ന് ഖേഴ്സൺ നഗരത്തിൽ നിന്ന് റഷ്യ പിന്മാറി. സെപ്തംബറിൽ റഷ്യയോട് ചേർത്തെന്ന് പുട്ടിൻ പ്രഖ്യാപിച്ച നാല് പ്രവിശ്യകളിൽ ഒന്നായ ഖേഴ്സണിന്റെ തലസ്ഥാനമാണ് ഇതേ പേരിലുള്ള ഖേഴ്സൺ നഗരം. നിപ്രോ നദിയുടെ പടിഞ്ഞാറൻ കരയിലാണ് ഖേഴ്സൺ പ്രവിശ്യയുടെ തലസ്ഥാനമായ ഖേഴ്സൺ നഗരം. പ്രവിശ്യയുടെ ഭൂരിഭാഗവും കിഴക്കൻ കരയിലാണ്. കിഴക്കൻ മേഖല റഷ്യൻ നിയന്ത്രണത്തിൽ. ഖേഴ്സണിലെ പിന്മാറ്റം റഷ്യക്ക് കനത്ത തിരിച്ചടി. നവം. 15ന് യുക്രെയിന്റെ അയൽരാജ്യവും നാറ്റോ അംഗവുമായ പോളണ്ടിന്റെ കിഴക്കൻ അതിർത്തിയിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു. പിന്നിൽ റഷ്യയാണെന്ന് യുക്രെയിൻ ആരോപിച്ചു. എന്നാൽ യുക്രെയിൻ മിസൈൽ പ്രതിരോധ സംവിധാനത്തിന് അബദ്ധത്തിൽ സംഭവിച്ച പിഴവാണിതെന്ന് നാറ്റോയും പോളണ്ടും യു.എസും വിലയിരുത്തി.

 ഡിസംബർ

ഡിസം. 5ന് റഷ്യയിൽ രണ്ട് എയർബേസുകളിൽ ഡ്രോൺ ആക്രമണം. അന്നേ മാസം മറ്റൊരു ഡ്രോൺ ആക്രമണവും റഷ്യയ്ക്കുള്ളിൽ നടന്നു. പിന്നിൽ യുക്രെയിനെന്ന് കരുതുന്നു. ഡിസംബർ 21ന് വൊളൊഡിമിർ സെലെൻസ്കി അമേരിക്കയിൽ. അധിനിവേശം തുടങ്ങിയ ശേഷമുള്ള സെലെൻസ്കിയുടെ ആദ്യ വിദേശ യാത്ര. യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത സെലെൻസ്കിയ്ക്ക് പ്രസിഡന്റ് ജോ ബൈഡൻ പേട്രിയറ്റ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റം അടക്കമുള്ള സൈനിക സഹായം വാഗ്ദ്ധാനം ചെയ്തു.

 2023 ജനുവരി


ജനുവരി 1ന് ഡൊണെസ്കിൽ മകീവ്ക നഗരത്തിൽ റഷ്യൻ സൈനികരെ പാർപ്പിച്ച കെട്ടിടത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ 400 ഓളം റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ. എന്നാൽ ആക്രമണത്തിൽ 89 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. ജനുവരി 12ന് ഉപ്പ് ഖനനത്തിന് പേര് കേട്ട സൊളേദാർ പട്ടണം റഷ്യ പിടിച്ചെടുത്തു. ഡൊണെസ്കിലെ ബഖ്മുത് നഗരത്തിനായി പോരാട്ടം രൂക്ഷം. ജനു. 14ന് നിപ്രോയിൽ റഷ്യൻ മിസൈലാക്രമണത്തിൽ ഒമ്പത് നില കെട്ടിടം തകർന്ന് 45 മരണം. കെട്ടിടം തകർത്തത് തങ്ങളല്ലെന്നും യുക്രെയിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തിന് ലക്ഷ്യം തെറ്റിയതാണെന്നും ആരോപിച്ച് റഷ്യ.

 ഫെബ്രുവരി

ഫെബ്രു. 20ന് യുക്രെയിനിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം. അധിനിവേശം ആരംഭിച്ച ശേഷം ബൈഡൻ യുക്രെയിനിലെത്തുന്നത് ആദ്യം. യുക്രെയിന് എയർ സർവൈലൻസ് റഡാറുകളടക്കം 50 കോടി ഡോളറിന്റെ അധിക സൈനിക സഹായം ബൈഡൻ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം, ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് യു.എസുമായുണ്ടാക്കിയ കരാറിൽ നിന്ന് റഷ്യ പിന്മാറുന്നതായി പുട്ടിന്റെ പ്രഖ്യാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, UKRAINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.