മിൻസ്ക് : 2022ലെ സമാധാന നോബൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ എയ്ൽസ് ബിയാലിയാറ്റ്സ്കിക്ക് ( 60 ) 10 വർഷം ജയിൽ ശിക്ഷ. കള്ളക്കടത്ത്, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ധനസഹായം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്നലെ ബെലറൂസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 തിരഞ്ഞെടുപ്പിൽ പ്രസിഡൻന്റ് അലക്സാണ്ടർ ലുകാഷെൻകോ തിരിമറി കാട്ടിയെന്നാരോപിച്ച് രാജ്യത്ത് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 2021ൽ എയ്ൽസ് അറസ്റ്റിലായി. സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്കായി രാജ്യത്തേക്ക് ഇദ്ദേഹം പണം കടത്തിയെന്ന് ആരോപിക്കപ്പെട്ടു. എയ്‌ൽസിന് പത്ത് വർഷം ശിക്ഷ വിധിച്ചത് ക്രൂരവും വിചാരണ മനുഷ്യാവകാശങ്ങൾക്ക് എതിരായിരുന്നെന്നും ഭാര്യ നറ്റാലിയ പിൻചക് പറയുന്നു. സ്വേച്ഛാധിപത്യ ഭരണാധികാരിയായ ലുകാഷെൻകോ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തിയപ്പോൾ 1996ൽ എയ്‌ൽസ്' വിയസ്‌ന" ( വസന്തം ) എന്ന മനുഷ്യാവകാശ സംഘടന രൂപീകരിച്ചിരുന്നു. ബെലറൂസിൽ തടവിലാക്കപ്പെട്ട പ്രതിഷേധക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വിയസ്‌ന പിന്തുണ നൽകി. രാഷ്ട്രീയ തടവുകാർക്ക് നേരെ ബെലറൂസ് ഭരണകൂടം നടത്തിയ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നു. 2011ൽ എയ്‌ൽസിനെ നികുതിവെട്ടിപ്പ് കുറ്റം ചുമത്തി മൂന്ന് വർഷം ജയിലിലടച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |