ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും ഇന്ത്യൻ സംഘത്തിൽ
ന്യൂഡൽഹി : സെപ്തംബർ 13 മുതൽ 21വരെ ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് 19 അംഗടീമിനെ പ്രഖ്യാപിച്ച് അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ. യോഗ്യതാ മാർക്ക് മറികടന്നവരും ലോക റാങ്കിംഗ് അടിസ്ഥാനത്തിൽ യോഗ്യത നേടിയവരും വൈൽഡ് കാർഡ് എൻട്രിയുമായാണ് ഇത്രയും താരങ്ങൾ പങ്കെടുക്കുന്നത്.14 പുരുഷതാരങ്ങളും ഒരു വനിതാ താരവുമാണ് സംഘത്തിലുള്ളത്.
പുരുഷ ജാവലിൻ ത്രോയിലെ നിലവിലെ ലോക ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് വൈൽഡ് കാർഡ് എൻട്രിയാണ് വേൾഡ് അത്‌ലറ്റിക്സ് നൽകിയിരിക്കുന്നത്. നാലുവർഷം മുമ്പ് ടോക്യോയിൽ ഒളിമ്പിക് സ്വർണം നേടിയ വേദിയിലേക്കാണ് നീരജ് വീണ്ടും മത്സരിക്കാനെത്തുന്നത്. പ്രവീൺ ചിത്രവേൽ,അവിനാഷ് സാബ്‌ലെ,ഗുൽവീർ സിംഗ്, പരുൾ ചൗധരി എന്നിങ്ങനെ നാലുപേർക്ക് മാത്രമാണ് യോഗ്യതാ മാർക്ക് മറികടക്കാനായത്. മലയാളി താരങ്ങളായ ശ്രീശങ്കർ, അബൂബക്കർ അബ്ദുള്ള എന്നിവർ ഉൾപ്പടെ 14 താരങ്ങൾക്ക് ലോക റാങ്കിംഗ് ആണ് തുണയായത്.
വേൾഡ് അത്‌ലറ്റിക്സ്
ടിക്കറ്റ് നൽകിയവർ
വൈൽഡ് കാർഡ്
നീരജ് ചോപ്ര ( ജാവലിൻ ത്രോ)
യോഗ്യതാ മാർക്ക് കടന്നവർ
പ്രവീൺ ചിത്രവേൽ (ട്രിപ്പിൾ ജമ്പ്)
ഗുൽവീർ സിംഗ് (5000 മീറ്റർ)
അവിനാഷ് സാബ്‌ലെ (3000 സ്റ്റീപ്പിൾ ചേസ്)
പരുൾ ചൗധരി (3000 സ്റ്റീപ്പിൾ ചേസ്)
ലോക റാങ്കിംഗ് തുണയായവർ
എം. ശ്രീശങ്കർ (ലോംഗ് ജമ്പ്)
അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്)
അനിമേഷ് കുജൂർ (200 മീറ്റർ)
അന്നുറാണി (ജാവലിൻ ത്രോ)
സച്ചിൻ യാദവ് (ജാവലിൻ ത്രോ)
യഷ്‌വീർ സിംഗ് (ജാവലിൻ ത്രോ)
അങ്കിത ദയാനി (3000 സ്റ്റീപ്പിൾ ചേസ്)
സർവേഷ് കുഷാരേ (ഹൈജമ്പ്)
നന്ദിനി അഗസര ( ഹെപ്റ്റാത്തലൺ)
പൂജ (1500 മീറ്റർ)
സെർവിൻ സെബാസ്റ്റ്യൻ (20 കി.മീ നടത്തം)
ആകാശ്ദീപ് സിംഗ് (20 കി.മീ നടത്തം)
റാം ബാബു (20 കി.മീ നടത്തം)
പ്രിയങ്ക ഗോസ്വാമി (35 കി.മീ നടത്തം )
പരിക്കിനും ശസ്ത്രക്രിയയ്ക്കും ശേഷം ജമ്പിംഗ് പിറ്റിലേക്ക് തിരിച്ചെത്തിയ പാലക്കാട് സ്വദേശി എം.ശ്രീശങ്കർ റാങ്കിങ്ങിൽ 36–ാം സ്ഥാനക്കാരനായാണ് ടോക്കിയോ ബെർത്ത് ഉറപ്പിച്ചത്. ഇരുപത്താറുകാരനായ ശ്രീശങ്കറിന്റെ നാലാം ലോക ചാമ്പ്യൻഷിപ്പാണിത്. കാര്യവട്ടം നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പിതാവ് മുരളിക്ക് കീഴിലാണ് ശ്രീ പരിശീലിക്കുന്നത്.
ട്രിപ്പിൾ ജമ്പ് റാങ്കിംഗിൽ 28–ാം സ്ഥാനത്തോടെ യോഗ്യത നേടിയ കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള അബൂബക്കർ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |