ബീജിംഗ്: ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച നടന്നു. റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പുടിനോടൊപ്പമാണ് മോദി ഉച്ചകോടി വേദിയിലേക്ക് എത്തിയത്.
കഴിഞ്ഞദിവസം ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനിൽക്കാൻ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇരുരാജ്യങ്ങളിലെയും ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ പിഴതീരുവയെ അവഗണിച്ച് സമ്പദ്ഘടനയെ വളർത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. അതിന് ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഉയർത്തിക്കാട്ടി. അഭിപ്രായവ്യത്യാസം തർക്കങ്ങളായി മാറരുതെന്നും ഇന്ത്യ-ചൈന ബന്ധം സുദീർഘമാവണമെന്നും ഇരുലോക നേതാക്കളും തീരുമാനിച്ചു.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു. ഇന്ത്യൻ സമയം രാവിലെ 9.30ന് തുടങ്ങിയ കൂടിക്കാഴ്ച നാല്പതു മിനിട്ടാണ് നിശ്ചയിച്ചതെങ്കിലും ഒരു മണിക്കൂർ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |