തിരുവനന്തപുരം: കെ.സി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്‌സ് 7 വിക്കറ്റിന് ട്രിവാൻഡ്രം റോയൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊല്ലം 17.2 ഓവറിൽ ലക്ഷ്യത്തിലെത്തി (183/3) . വിജയത്തോടെ ഏഴ് മല്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി കൊല്ലം രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ കൊല്ലത്തിൻ്റെ വിജയ് വിശ്വനാഥാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിന് സമീപ മത്സരങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്യാപ്ടൻ കൃഷ്ണപ്രസാദും (35), വിഷ്‌ണു രാജും (32) നൽകിയത്.
ഇരുവരും ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 76 റൺസ് കൂട്ടിച്ചേർത്തു. മികച്ച റൺറേറ്റോടെ മുന്നേറിയ റോയൽസിനെ തടയാൻ വിജയ് വിശ്വനാഥിനെ ഇറക്കിയ കൊല്ലം ക്യാപ്‌ടൻ സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. തൻ്റെ അടുത്തടുത്ത ഓവറുകളിൽ വിഷ്ണുരാജിനെയും കൃഷ്ണപ്രസാദിനെയും അബ്ദുൾബാസിദിനെയും (2) മടക്കി വിജയ് വിശ്വനാഥ് കൊല്ലത്തിന് ബ്രേക്ക് ത്രൂ നൽകി.
തുടരെയുള്ള വിക്കറ്റുകൾ ഇന്നിംഗ്‌സിൻ്റെ വേഗത്തെ ബാധിച്ചെങ്കിലും എം നിഖിൽ (26), സഞ്ജീവ് സതീശൻ (34), അഭിജിത് പ്രവീൺ (പുറത്താകാതെ 20) എന്നിവരുടെ ഇന്നിങ്സുകൾ റോയൽസിന് മികച്ച സ്കോർ നല്കി.
പരിക്കിനെ തുടർന്ന് മുഖത്ത് ഒൻപത് സ്റ്റിച്ചുകളുമായി ഇറങ്ങിയാണ് വിജയ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഏദൻ ആപ്പിൾ ടോം, എ ജി അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിക്കിറങ്ങിയ കൊല്ലത്തിനെ അഭിഷേക് ജെ നായർ (പുറത്താകാതെ 60), വിഷ്ണു വിനോദ് (33), സച്ചിൻ ബേബി(25 പന്തിൽ 46), ആഷിഖ് മുഹമ്മദ് (8 പന്തിൽ 23) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് അനായാസം വിജയതീരത്തെത്തിച്ചു.
കൊച്ചി, സബാഷ് സഞ്ജു
തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ് വിജയക്കുതിപ്പ് തുടരുന്നു. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊച്ചി 18.2 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (178/7). 83 റൺസെടുത്ത കൊച്ചിയുടെ സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദി മാച്ച്. 41 പന്ത് നേരിട്ട് 9 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട കൊച്ചിയ്ക്ക് പി.എസ് ജെറിന്റെയും (പുറത്താകാതെ 13 പന്തിൽ 25), കെ. അജീഷിന്റെയും (18) ഇന്നിംഗ്സുകൾ നിർണായകമായി. ജലജ് സക്സേനയും,രാഹുലും,ശ്രീരൂപും ആലപ്പിക്കായി 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ജലജ് സക്സേന (42 പന്തിൽ 71), ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ (64) എന്നിവരുടെ ബാറ്റിംഗാണ് ആലപ്പിയെ നല്ല സ്കോറിൽഎത്തിച്ചത്. കൊച്ചിയ്ക്ക് വേണ്ടി കെ .എം ആസിഫ് മൂന്നും പി.എസ് ജെറിൻ രണ്ട് വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |