ന്യൂഡൽഹി: ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ ആക്ടിംഗ് പ്രസിഡന്റും പട്ടാള മേധാവിയുമായ ജനറൽ മിൻ ഓങ് ഹ് ലൈങുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് മാസത്തിനിടെ രണ്ടാം തവണയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ ബാങ്കോക്കിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
മ്യാൻമറിൽ ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. 2021ൽ സൈനിക അട്ടിമറിയിലൂടെ ഓംഗ് സാൻ സൂചി സർക്കാർ പുറത്താക്കപ്പെട്ടശേഷം രാജ്യത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
അയൽരാജ്യമായ മ്യാൻമറുമായുള്ള ബന്ധത്തിന് ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നും ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, സുരക്ഷ, അതിർത്തി പരിപാലനം, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. മ്യാൻമറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് എല്ലാവരെയും ഉൾപ്പെടുത്തി നീതിയുക്തമായി നടത്തുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മ്യാൻമറിലെ സമാധാനപ്രക്രിയയെ പിന്തുണയ്ക്കുന്നുവെന്നും മ്യാൻമറിന്റെ വികസനത്തിന് ഇന്ത്യ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിരുന്നിൽ പങ്കെടുത്ത് മോദി
ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഭാര്യ പെംഗ് ലിയുവാനും ചേർന്ന് ഒരുക്കിയ വിരുന്നിൽ മോദി പങ്കെടുത്തു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി, അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിന്യാൻ, തുർക്ക്‌മെനിസ്ഥാൻ പ്രസിഡന്റ് സെർദാർ ബെർഡിമുഹമെഡോവ്, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്‌ബൗലി തുടങ്ങിയ നേതാക്കളുമായി വിരുന്നിനിടെ മോദി കൂടിക്കാഴ്ച നടത്തി.
മോദിക്ക് സഞ്ചരിക്കാൻ ഷീയുടെ ഇഷ്ട കാർ
ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി ആഡംബര കാറായ ഹോങ്ങ്‌ചീ എൽ-5 ഒരുക്കി ചൈനീസ് സർക്കാർ. പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ ഇഷ്ട വാഹനമാണ് ചൈനീസ് നിർമ്മിത ഹോങ്ങ്‌ചീ. വിദേശ സന്ദർശനങ്ങളിൽ ഷീ ഉപയോഗിക്കുന്നത് റെഡ് ഫ്ലാഗ് എന്നും അറിയപ്പെടുന്ന ഈ മോഡൽ കാറാണ്. രാജ്യത്തെത്തുന്ന വിദേശ നേതാക്കൾക്കും ചൈന നൽകുന്ന ഔദ്യോഗിക വാഹനം ഹോങ്ങ്‌ചീ എൽ-5 മോഡൽ തന്നെയാണ്. 2019ൽ മഹാബലിപുരം സന്ദർശിപ്പോൾ ഷീ ഈ കാർ ഉപയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |