ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനിൽക്കാൻ ധാരണ. ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇരുരാജ്യങ്ങളിലെയും ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ പിഴതീരുവയെ അവഗണിച്ച് സമ്പദ്ഘടനയെ വളർത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. അതിന് ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഉയർത്തിക്കാട്ടി. അഭിപ്രായവ്യത്യാസം തർക്കങ്ങളായി മാറരുതെന്നും ഇന്ത്യ-ചൈന ബന്ധം സുദീർഘമാവണമെന്നും അഭിപ്രായപ്പെട്ടു.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു. ഇന്ത്യൻ സമയം രാവിലെ 9.30ന് തുടങ്ങിയ കൂടിക്കാഴ്ച നാല്പതു മിനിട്ടാണ് നിശ്ചയിച്ചതെങ്കിലും ഒരു മണിക്കൂർ തുടർന്നു.
ഇരുരാജ്യങ്ങളിലെയും 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് ഒന്നിച്ചുനീങ്ങണമെന്ന അഭിപ്രായം മോദിയും ഷീയും പങ്കുവച്ചു. വ്യാപാര പങ്കാളിത്തമാണ് മുഖ്യചർച്ചയായത്. അതിർത്തി പ്രശ്നത്തിൽ ചർച്ചകളിലൂടെ സമവായത്തിലെത്താൻ ശ്രമിക്കും.ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് ഷീയോട് മോദി നന്ദി പറഞ്ഞു. 2026ൽ ഇന്ത്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഷീയെയും ക്ഷണിച്ചു. ക്ഷണത്തിന് നന്ദി പറഞ്ഞ ഷീ, ഇന്ത്യയുടെ ബ്രിക്‌സ് അദ്ധ്യക്ഷസ്ഥാനത്തിന് സമ്പൂർണ പിന്തുണ വാഗ്ദാനം ചെയ്‌തു.
സൗഹൃദവഴി തുറന്നത് ട്രംപിന്റെ പ്രതികാര തീരുവ
മോദി-ഷീ കൂടിക്കാഴ്ച ട്രംപിനുള്ള സന്ദേശം കൂടിയാണെന്നാണ് വിലയിരുത്തൽ. ഏഴുവർഷത്തിനു ശേഷമാണ് മോദി ചൈനയിലെത്തിയത്. 2024ൽ റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയ്‌ക്കു ശേഷം ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി ഇരുനേതാക്കളും സ്വാഗതം ചെയ്‌തു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചൈനീസ് വ്യാപാര മന്ത്രി വാങ് വെൻതാവോയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കായ് ക്വിയുമായും മോദി കൂടിക്കാഴ്ച നടത്തി.
'പരസ്‌പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധം".
-നരേന്ദ്ര മോദി
'പരസ്‌പരം ഭീഷണിയുയർത്താതെ, ഇരുരാജ്യങ്ങൾക്കും വളർച്ചയ്‌ക്ക് സഹായമാകുന്ന തരത്തിലായിരിക്കണം ബന്ധം".
- ഷീ ജിൻ പിംഗ്
ബന്ധം ശരിയായ ദിശയിൽ
1. അതിർത്തിയിൽ സ്ഥിരതയും സമാധാനവുമുണ്ടായി
2. കൈലാസ് മാനസരോവർ യാത്ര പുനഃരാരംഭിച്ചു
3. ഇരുരാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസ് തുടങ്ങും.
4. പരസ്‌പരം വിസാ നടപടികൾ എളുപ്പമാക്കും
5. ഭീകരവാദം നേരിടുന്നതുൾപ്പെടെ ആഗോള വിഷയങ്ങളിൽ പൊതു നിലപാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |