ബാങ്കോക്ക്: തായ്‌ലൻഡിൽ ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് മുന്നേറ്റം. ജനപ്രതിനിധി സഭാ മണ്ഡലങ്ങളിലെ 85 ശതമാനം വോട്ട് എണ്ണിയതിൽ മൂവ് ഫോർവേഡ് പാർട്ടിയാണ് മുന്നിൽ ( 113 സീറ്റ് ). ഫ്യൂ തായ് പാർട്ടി ( 111 ) രണ്ടാം സ്ഥാനത്താണ്. ആകെ വോട്ടിൽ മൂന്നിൽ രണ്ട് ഭാഗവും ഇരു പാർട്ടികൾക്കും ലഭിക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി പ്രയുത് ചാൻ - ഒ - ചായുടെ യുണൈറ്റഡ് തായ് നേഷൻ ( 25 ) അഞ്ചാമതാണ്. ജനപ്രതിനിധിസഭയിലെ 500 സീറ്റുകളിലേക്കാണ് വോട്ട്.
ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.30ന് തുടങ്ങിയ വോട്ടിംഗ് വൈകിട്ട് 4 മണിയോടെ അവസാനിച്ചു. 2014ൽ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പ്രധാനമന്ത്രി പ്രയുതിനെതിരെ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകൾ പേതോംഗ്‌താൻ ഷിനാവത്ര ഫ്യൂ തായ് പാർട്ടിക്കായി രംഗത്തുണ്ട്. ഉപപ്രധാനമന്ത്രി പ്രവിത് വോംഗ്‌സുവനാണ് സൈന്യത്തിന്റെ പിന്തുണയുള്ള ഭരണപക്ഷമായ പലാംഗ് പ്രചാരത് പാർട്ടി സ്ഥാനാർത്ഥി. ജൂലായ് 13നകമേ 95 ശതമാനം സീറ്റിലെ ഫലവും പൂർണമാകൂ. ഓഗസ്റ്റോടെയെ പ്രധാനമന്ത്രിയെ വ്യക്തമാകൂ. ജനപ്രതിനിധിസഭയും 250 അംഗ സെനറ്റും ചേർന്നാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. 375 വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥി വിജയിക്കും. അട്ടിമറിക്ക് ശേഷം സൈന്യം നിയമിച്ചവരാണ് സെനറ്റിലെ അംഗങ്ങളെന്നത് പ്രതിപക്ഷ പാർട്ടികൾക്ക് വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |