ജറുസലേം: ഹിസ്ബുള്ളയെ ഒഴിവാക്കിയില്ലെങ്കിൽ ഗാസയെ പോലെ തകർത്തു കളയുമെന്ന് ലെബനന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താക്കീത്.
ഹിസ്ബുള്ളയെ ലെബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരും. കൂടുതൽ നാശങ്ങൾ ഴിവാക്കാൻ ഹിസ്ബുള്ളയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ചൊവ്വാഴ്ച വീഡിയോ സന്ദേശത്തിൽ നെതന്യാഹു ലെബനീസ് ജനതയോട് ആവശ്യപ്പെട്ടു.
ലെബനന്റെ തെക്കൻ തീരത്ത് ഇസ്രയേൽ കൂടുതൽ സേനയെ വിന്യസിച്ച് ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണിത്. ജനങ്ങൾ വേഗം പ്രദേശം ഒഴിയാനും ആവശ്യപ്പെട്ടു.
ഇറാനും ഹിസ്ബുള്ളയും ചേർന്നാണ് ലെബനനെ കുഴപ്പത്തിലാക്കിയത്. ഒരു വർഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിലേക്ക് ഹിസ്ബുള്ള പ്രയോഗിച്ചത്. ഇതിന് അവസാനം കുറിക്കാൻ തന്നെയാണ് ഇസ്രയേലിന്റെ തീരുമാനം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഹിസ്ബുള്ള നേതാക്കളെ വകവരുത്തി
ഹസൻ നസ്രള്ളയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുള്ള നേതാക്കളെയെല്ലാം വകവരുത്തിയെന്നും നെതന്യാഹു പറഞ്ഞു. ഇവരുടെ പേരുകൾ പറഞ്ഞില്ല. വെള്ളിയാഴ്ച ബെയ്റൂട്ടിലെ ബോംബാക്രമണങ്ങൾക്കു ശേഷം മുതിർന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫിയുദ്ദീന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. നസ്രള്ളയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുള്ള നേതാവാകുമെന്നാണ് കരുതിയത്. എന്നാൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണം തുടരും: ഹിസ്ബുള്ള
ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫയിലേക്ക് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തി. പല മിസൈലുകളും ഇസ്രയേലിന്റെ അയേൺ ഡോം കവചം മറികടന്നതോടെ വലിയ നാശമുണ്ടായി. ഹിസ്ബുള്ള അടുത്തിടെ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് ഹൈഫയിലേത്. മിസൈൽ ആക്രമണത്തിന് പിന്നാലെ, ടെലിവിഷൻ സന്ദേശത്തിൽ ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നാസിം ഖസീം, തെക്കൻ ലെബനനിൽ വെടിനിർത്തൽ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ഇസ്രയേൽ നഗരങ്ങളിലും പട്ടണങ്ങളിലും വെടിവയ്പ്പ് തുടരുമെന്ന് ഹിസ്ബുള്ള ഭീഷണിപ്പെടുത്തി.
സിൻവാർ ജീവനോടെയുണ്ടെന്ന് സൂചന
ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഹമാസ് തലവൻ യഹിയ സിൻവാർ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ട്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. സെപ്തംബർ 21 ന് ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ഹാസിന്റെ കമാൻഡ് സെന്ററിലെ ഇസ്രയേൽ ആക്രമണത്തിന് ശേഷമാണ് സിൻവാറിന്റെ വിവരങ്ങൾ അറായാതായത്.
ഇസ്രയേലിൽ കത്തിയാക്രമണം
ആറുപേർക്ക് പരിക്ക്
ടെൽ അവീവ്: ഇസ്രയേലിൽ ആൾക്കൂട്ടത്തിന് നേരെ കത്തിയാക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഹദേര നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം. പ്രതിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. അഹ്മദ് ജബറീൻ എന്ന 36കാരനാണ് ആക്രമിയെന്ന് സ്വകാര്യ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്താണ് ആക്രമണം.
കഴിഞ്ഞയാഴ്ച ടെൽ അവീവിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |