
ന്യൂഡൽഹി: ലോക രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസ്ത്രം, സ്റ്റൈൽ എല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോഴുള്ള മോദിയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. ഒമാൻ ഉപപ്രധാനമന്ത്രി സയ്യീദ് ഷിഹാബ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പാണ് മോദിക്ക് മസ്‌കറ്റ് വിമാനത്താവളത്തിൽ ലഭിച്ചത്. ഇന്നേരം മോദിയുടെ ഇടതുചെവിയിൽ ഒരു 'കമ്മൽ' കാണാം. ഇതോടെ മോദിയുടെ പുതിയ സ്റ്റൈൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പ്രചരിച്ചു. എന്നാൽ ശരിക്കും ഇത് കമ്മൽ ഒന്നുമല്ല. മറിച്ച്, സ്ഥാനം തെറ്റിയ തത്സമയ വിവർത്തന ഉപകരണമായിരുന്നു. സ്ഥാനംതെറ്റി അല്പം താഴേക്ക് തള്ളിനിന്നതിനാൽ ഒറ്റനോട്ടത്തിൽ കമ്മലാണെന്ന് പലരും തെറ്റിദ്ധരിച്ചു. വിദേശത്ത് പോകുന്ന രാഷ്ട്രത്തലവന്മാരിൽ ഒട്ടുമിക്കവരും ആശയവിനിമയം സുഗമമാക്കുന്നതിന് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. അറബ് നേതാക്കൾ അടക്കം മിക്ക ഇംഗ്ലീഷ് ഇതര ഭരണാധികാരികളും അവരുടെ സ്വന്തം ഭാഷയാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |