
□നിർണായക ബില്ലുകൾ പാസാക്കി പാർലമെന്റ് പിരിഞ്ഞു.
ന്യൂഡൽഹി: പുലർച്ചെ വരെ നീണ്ട മാരത്തോൺ ചർച്ചയും കടുത്ത പ്രതിഷേധങ്ങളും വാക്കൗട്ടുകളും കടന്ന് തൊഴിലുറപ്പ് ഭേദഗതി അടക്കം നിർണായക ബില്ലുകൾ പാസാക്കി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് കൊടിയിറങ്ങി.
വെള്ളിയാഴ്‌ച വൈകിട്ട് അടിയന്തരമായി കൊണ്ടുവന്ന തൊഴിലുറപ്പ് ഭേദഗതി ബിൽ (വിബി-ജി റാം ജി) ഇന്നലെ പുലർച്ചെ 12.30വരെ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് രാജ്യസഭ പാസാക്കിയത്. ലോക്‌സഭയിലെ ചർച്ച വ്യാഴാഴ്ച പുലർച്ചെ 1.30വരെ നീണ്ടിരുന്നു. തൃണമൂൽ ഒഴികെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയ രാജ്യസഭയിലും ലോക്‌സഭയിലേതു പോലെ പ്രക്ഷുബ്‌ധമായ അന്തരീക്ഷത്തിലാണ് ബിൽ പാസായത്. ബിൽ പാസാക്കാൻ നേരം തൃണമൂൽ അംഗങ്ങൾ ഭരണപക്ഷ എംപിമാർക്കിടയിലേക്ക് കയറാൻ ശ്രമിച്ചു. ശേഷം അവർ പാർലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധ ധർണ ഇന്നലെ രാവിലെ വരെ തുടർന്നു. രാവിലെ ലോക്‌സഭ രണ്ടുമിനിട്ടുകൊണ്ടും രാജ്യസഭ 21 മിനിട്ടും ചേർന്ന ശേഷം അനിശ്‌ചിതകാലത്തേക്ക് പിരിഞ്ഞു. വിദേശ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയിലെത്തി.
15 സിറ്റിംഗ് മാത്രമുള്ള ശീതകാല സമ്മേളനം അജണ്ടയിൽ ഉൾപ്പെടുത്താതെ അവസാന നിമിഷം കൊണ്ടുവന്ന നിർണായക ബില്ലുകളിലൂടെയാണ് ശ്രദ്ധേയമായത്. യു.പി.എ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പിന് പകരമായതിനാൽ വിബി-ജി റാം ജി ബില്ലിന് നേരിടേണ്ടി വന്നത് കടുത്ത എതിർപ്പ്. ആദ്യ രണ്ടു ദിവസങ്ങളിൽ എസ്.ഐ.ആറിനെ ചൊല്ലി തടസപ്പെട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പ്രതിപക്ഷം സഭാ നടപടികളോട് സഹകരിച്ചതിനാൽ നിർണായക ബില്ലുകളിൽ ചർച്ചകൾ നടന്നു. എസ്.ഐ.ആർ ചർച്ച കോൺഗ്രസ്-ബി.ജെ.പി അംഗങ്ങൾ തമ്മിലുള്ള 'വോട്ടു കൊള്ള' തർക്ക വേദിയായി.
വന്ദേമാതരം ഗാനത്തിന്റെ 150-വാർഷികവുമായി ബന്ധപ്പെട്ട ചർച്ചയിലും കണ്ടത് ബി.ജെ.പി-കോൺഗ്രസ് വാക്‌പോര്. അവതരിപ്പിച്ച പത്ത് ബില്ലുകളിൽ എട്ടെണ്ണം പാസായി. ഇൻഷ്വറൻസ് മേഖലയിൽ 100ശതമാനം വിദേശ നിക്ഷേപവും എൽ.ഐ.സി പരിഷ്‌കാരവും ലക്ഷ്യമിടുന്ന ബിൽ, ആണവോർജ മേഖലയിൽ സ്വകാര്യ, വിദേശ പങ്കാളിത്തം വ്യവസ്ഥ ചെയ്യുന്ന 'ശാന്തി' ബിൽ എന്നിവയാണ് പ്രധാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |