യുക്രെയിൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച നയംമാറ്റം തായ്‌വാൻ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നു. തങ്ങളെ വിഴുങ്ങാൻ കാത്തുനിൽക്കുന്ന ചൈനയ്ക്കു മുന്നിൽ അമേരിക്കയുടെ പിൻബലമാണ് തായ്‌വാന്റെ പ്രതിരോധം.
യുക്രെയിൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച നയംമാറ്റം തായ്‌വാൻ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നു. തങ്ങളുടെ വരുമാനത്തിന്റെ നിർണായകഭാഗമായ സെമി കണ്ടക്ടർ ചിപ്പിന്റെ കയറ്റുമതി തീരുവ അമേരിക്ക വർദ്ധിപ്പിക്കുന്നതും തലവേദനയായാണ് തായ്‌വാൻ കാണുന്നത്. തങ്ങളെ വിഴുങ്ങാൻ കാത്തുനിൽക്കുന്ന ചൈനയ്ക്കു മുന്നിൽ അമേരിക്കയുടെ പിൻബലമാണ് തായ്‌വാന്റെ പ്രതിരോധം.
യു.എസും ചൈനയും തമ്മിൽ കൊമ്പുകോർക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് തായ്‌വാൻ. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ സ്വന്തം ഭാഗമായി ചൈന കാണുന്നു. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനീസ് നിലപാട്. സ്വാതന്ത്ര്യത്തിനായി തായ്‌വാനീസ് നേതാക്കൾ ശബ്ദമുയർത്തിയാൽ തായ്‌വാന് ചുറ്റും കടലിലും ആകാശത്തും സൈനികാഭ്യാസം നടത്തി വിരട്ടുന്നതും ചൈനയുടെ പതിവാണ്.
തായ്‌വാനിൽ യു.എസിന്റെ തലയിടൽ ചൈനയ്ക്ക് ഇഷ്ടമല്ല. നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും യു.എസ് തായ്‌വാന് പിന്തുണ നൽകുന്നതിനെതിരെ ചൈന മുന്നറിയിപ്പ് നൽകുന്നു. തായ്‌വാന്റെ പേരിൽ അതിരുകടക്കരുതെന്ന് ബൈഡനോട് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അന്ന് മുന്നറിയിപ്പും നൽകി.
എന്നാൽ വീണ്ടും പ്രസിഡന്റായ ട്രംപ് യുക്രെയിൻ മുതൽ ഗാസ വരെ ലോക വിഷയങ്ങളിൽ ഇപ്പോൾ സ്വീകരിച്ച നിലപാട് തായ്‌വാനെ ആശങ്കാകുലരാക്കുന്നുണ്ട്. വ്യാപാര രംഗത്ത് ചൈനയുമായുള്ള ഉരസലിന് ട്രംപ് തിരികൊളുത്തിയിരുന്നു. ഇതിനിടെ,കഴിഞ്ഞ ദിവസം 'തായ്‌വാന്റെ സ്വാതന്ത്ര്യത്തെ തങ്ങൾ പിന്തുണയ്ക്കുന്നില്ല" എന്ന വാചകം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കി. തങ്ങൾക്ക് അനുകൂലമായ നീക്കമാണിതെന്ന് തായ്‌വാൻ ജനത വിലയിരുത്തുന്നുണ്ട്. നടപടി തായ്‌വാനിലെ 'വിഘടനവാദ ശക്തികൾക്ക്" തെറ്റായ സന്ദേശം നൽകുന്നെന്ന് ചൈന ആരോപിക്കുന്നു.
ട്രംപിന്റെ ആദ്യ പ്രസിഡൻഷ്യൽ ടേമിൽ ആയുധ വില്പനയിലടക്കം തായ്‌വാനുമായി മികച്ച സഹകരണവും നടത്തി. പക്ഷേ,ട്രംപിന്റെ രണ്ടാം വരവ് വ്യത്യസ്തമാണ്. യു.എസിന് നേട്ടമുണ്ടാക്കുന്ന നയങ്ങൾക്ക് മാത്രമാണ് ട്രംപ് ഊന്നൽ നൽകുക. ട്രംപ് വിദേശ സഹായങ്ങൾ വെട്ടിക്കുറച്ചതും യുക്രെയിൻ യുദ്ധത്തിൽ റഷ്യയോട് ചായുന്നതും ഗാസയെ ഏറ്റെടുക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചതുമൊക്കെ തായ്‌വാന് ഉത്ക്കണ്ഠ സൃഷ്ടിക്കുന്നുണ്ട്. സ്വയം പ്രതിരോധിക്കാൻ കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ യു.എസ് തായ്‌വാന് വിറ്റിരുന്നു. എന്നാൽ കണ്ണുമടച്ച് ആയുധങ്ങൾ ട്രംപ് നൽകില്ല. ആയുധ പിന്തുണ തുടരാനും താരിഫ് ഭീഷണി ഒഴിവാക്കാനും വാതകം അടക്കം കൂടുതൽ യു.എസ് ഉത്പന്നങ്ങൾ വാങ്ങാൻ തായ്‌വാൻ നിർബന്ധിതമാകും. തായ്‌വാനിലെ ചിപ്പ് നിർമ്മാതാക്കൾ യു.എസ് ഫാക്ടറികളുമായി സഹകരിക്കേണ്ടി വരും. ഏതായാലും സുഹൃത്തായാണോ ബിസിനസ് എതിരാളിയായിട്ടാണോ അതോ ചൈനയുമായി വിലപേശാനുള്ള ഉപാധിയായിട്ടാണോ തായ്‌വാനെ ട്രംപ് കാണുക. എന്നാണ് കാത്തിരുന്നു കാണേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |