കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. ഏപ്രിൽ പത്ത് മുതൽ പ്രാബല്യത്തിലാകും. ചൈനയുടെ ഉത്പന്നങ്ങൾക്ക് ട്രംപ് കഴിഞ്ഞ ദിവസം 34 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ചൈനയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക ഈടാക്കുന്ന മൊത്തം തീരുവ 54 ശതമാനമായി ഉയർന്നതാണ് ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചത്. പ്രതിവർഷം 34.8 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ചൈന അമേരിക്കയിലേക്ക് അയയ്‌ക്കുന്നത്.അതേസമയം,12.53 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയിലേക്ക് അയയ്ക്കുന്നത്. ഈ വ്യാപരക്കമ്മിയാണ് ട്രംപിന്റെ നടപടിക്ക് കാരണം.
കാനഡയും അമേരിക്കയ്ക്കെതിരെ അധിക തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. യു.കെയും യൂറോപ്യൻ യൂണിയനും അടക്കമുള്ള സഖ്യകക്ഷികൾ പോലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ചടി തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.
യു.എസ്, യൂറോപ്യൻ
ഓഹരിക്ക് തകർച്ച
ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധത്തെ തുടർന്ന് അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിലെ ഓഹരി വിപണികൾ ഇന്നലെ കൂപ്പുകുത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ഔൺസിന് 3,090 ഡോളറിലേക്ക് താഴ്‌ന്നു. ക്രൂഡോയിൽ വില ആറ് ശതമാനം ഇടിഞ്ഞ് 65 ഡോളറിലെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യവും കുറഞ്ഞു.
ഇന്ത്യയുടെ പകരച്ചുങ്കം 26% തന്നെ
ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം 26 ശതമാനമാണെന്ന് വൈറ്റ് ഹൗസ് ഇന്നലെ വ്യക്തമാക്കി. ട്രംപിന്റെ പത്രസമ്മേളനത്തിൽ 26 ശതമാനം തീരുവയെന്ന് പ്രഖ്യാപിച്ചെങ്കിലും അനുബന്ധ പട്ടികയിൽ 27 ശതമാനമെന്ന് രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ തീരുവ 27 ശതമാനമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ പുറത്തിറക്കിയ അന്തിമ പട്ടികയിൽ 26 ശതമാനമെന്ന് അമേരിക്ക വ്യക്തത വരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |