വാഷിംഗ്ടൺ: പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രണ്ട് സുപ്രധാന യൂനിവേഴ്സിറ്റികളുടെകൂടി ഫണ്ട് റദ്ദാക്കി യു.എസ് ഭരണകൂടം.കോർനൽ യൂനിവേഴ്സിറ്റിയുടെ 100 കോടി ഡോളറിന്റെയും നോർത്ത് വെസ്റ്റ് യൂനിവേഴ്സിറ്റിയുടെ 790 ദശലക്ഷം ഡോളറിന്റെയുമാണ് റദ്ദാക്കിയത്.പൗരാവകാശം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.
പാലസ്തീൻ അനുകൂല പ്രതിഷേധം അനുവദിക്കുക, ഭരണകൂടം അവസാനിപ്പിച്ച വൈവിധ്യനയം തുടരുക തുടങ്ങിയ കാരണങ്ങളാൽ ഫണ്ട് റദ്ദാക്കുമെന്ന ട്രംപിന്റെ നിലപാടിന് പിന്നാലെയാണ് നടപടി. ജൂത വിരുദ്ധത അവസാനിപ്പിച്ചില്ലെങ്കിൽ ഫണ്ട് റദ്ദാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം 60 യൂനിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരുന്നു. കൊളംബിയ യൂനിവേഴ്സിറ്റിയുടെ 400 ദശലക്ഷം ഡോളറിന്റെ ഫണ്ട് കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.
സൈബർ സുരക്ഷ, ആരോഗ്യം,ദേശീയ സുരക്ഷ മേഖലയിലെ പ്രധാന ഗവേഷണങ്ങളുമായി ബന്ധപ്പെട്ട 75 കരാറുകൾ പ്രതിരോധ വകുപ്പ് റദ്ദാക്കിയതായി കോർനൽ യൂനിവേഴ്സിറ്റി സ്ഥിരീകരിച്ചു.കരാർ റദ്ദാക്കാനുള്ള കാരണം ഫെഡറൽ ഉദ്യോഗസ്ഥരോട് അന്വേഷിച്ചതായി യൂനിവേഴ്സിറ്റി പ്രസിഡന്റ് മൈക്കൽ ഐ കോട്ലിക്കോഫ് പറഞ്ഞു.അതേസമയം,ഫണ്ട് റദ്ദാക്കിയത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നോർത്ത് വെസ്റ്റ് യൂനിവേഴ്സിറ്റി വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |