മോസ്‌കോ: യുക്രെയിനിൽ മൂന്ന് ദിവസത്തെ താത്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. മേയ് 8 മുതൽ 10 വരെയാണ് വെടിനിറുത്തൽ. റഷ്യയിൽ വിജയദിനത്തിന്റെ (വിക്ടറി ഡേ) 80 -ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണിത്. മേയ് 9നാണ് വിജയ ദിനം. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്ക് മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികമാണ് വിജയദിനമായി ആചരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അടക്കമുള്ള വിദേശ നേതാക്കൾ ആഘോഷങ്ങളിൽ പങ്കെടുക്കും.
മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് പുട്ടിൻ പറഞ്ഞു. 'യുക്രെയിൻ റഷ്യയുടെ മാതൃക പിന്തുടരുമെന്ന് കരുതുന്നു. യുക്രെയിന്റെ ഭാഗത്ത് നിന്ന് വെടിനിറുത്തൽ ലംഘനമുണ്ടായാൽ തങ്ങളുടെ സൈന്യം തിരിച്ചടിക്കും. യുക്രെയിൻ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കാൻ മുൻ വ്യവസ്ഥകളില്ലാതെ സമാധാന ചർച്ചകൾക്ക് തങ്ങൾ തയ്യാറാണ് " റഷ്യ പ്രസ്താവനയിൽ അറിയിച്ചു.
റഷ്യ ശരിക്കും സമാധാനം ആഗ്രഹിക്കുന്നെങ്കിൽ ഉടൻ ആക്രമണം നിറുത്തണമെന്നും മേയ് 8 വരെ കാത്തിരിക്കുന്നത് എന്തിനെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രി ആൻഡ്രി സൈബിഹ പറഞ്ഞു.
വെടിനിറുത്തൽ യഥാർത്ഥമായിരിക്കണമെന്നും വെറും ഒരു പരേഡിന് മാത്രമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയിനിൽ സ്ഥിര വെടിനിറുത്തലാണെന്ന് ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രതികരിച്ചു.
ഈസ്റ്ററിന് റഷ്യ യുക്രെയിനിൽ 30 മണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുപക്ഷവും ലംഘനങ്ങൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു.
ട്രംപ് ഇഫക്‌ട് ?
യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഏറ്റവും നിർണായകമായ ഘട്ടത്തിലാണെന്ന് അടുത്തിടെ യു.എസ് അറിയിച്ചിരുന്നു. ശനിയാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി പുട്ടിനുമായും സംസാരിച്ചിരുന്നു. എന്നാൽ,ചർച്ചകൾ തുടരുമ്പോഴും യുക്രെയിനിലെ സിവിലിയൻ കേന്ദ്രങ്ങളെ റഷ്യ ആക്രമിക്കുന്നത് ട്രംപിന്റെ അതൃപ്തിയ്ക്ക് ഇടയാക്കി. ഇതിനിടെ,സമാധാന ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ മദ്ധ്യസ്ഥ ശ്രമം ഉപേക്ഷിക്കുമെന്നും യു.എസ് മുന്നറിയിപ്പ് നൽകി. റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്ന സന്ദേശം ട്രംപിന് നൽകാനാണ് പുട്ടിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |