ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാനെ 'തെമ്മാടി രാഷ്ട്രം" എന്നാണ് യു.എന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി - സ്ഥിരം പ്രതിനിധിയായ യോജന പട്ടേൽ വിശേഷിപ്പിച്ചത്. ഭീകരർക്ക് സഹായം നൽകിയിരുന്നെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ കുറ്റസമ്മതം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. 'പാകിസ്ഥാൻ ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ചരിത്രം പാക് പ്രതിരോധ മന്ത്രി ടെലിവിഷൻ അഭിമുഖത്തിൽ സമ്മതിക്കുന്നത് ലോകം മുഴുവൻ കേട്ടു. ലോകത്തിന് ഇനി കണ്ണടയ്ക്കാനാകില്ല. ആഗോള ഭീകരതയ്ക്ക് ഇന്ധനം പകർന്ന് മേഖലയെ അസ്ഥിരപ്പെടുത്തുന്ന തെമ്മാടി രാഷ്ട്രമാണ് പാകിസ്ഥാനെന്ന് ഈ കുറ്റസമ്മതം തുറന്നുകാട്ടുന്നു " - യോജന പറഞ്ഞു. 2008ലെ മുംബയ് ഭീകരാക്രമണത്തിനു ശേഷം ഏറ്റവും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണമാണ് പഹൽഗാമിലേതെന്നും അവർ ചൂണ്ടിക്കാട്ടി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച എല്ലാ രാജ്യങ്ങൾക്കും അവർ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ വെബ്സൈറ്റുകളെ
ലക്ഷ്യമിട്ട് പാക് ഹാക്കർമാർ
ന്യൂഡൽഹി: പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ നുഴഞ്ഞു കയറാനുള്ള പാക് ഹാക്കർമാരുടെ ശ്രമം പരാജയപ്പെടുത്തി. അതിനിടെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടു. ഇന്റർനെറ്റ് ഓഫ് ഖിലാഫത്ത് അഥവാ ഐ.ഒ.കെ എന്നറിയപ്പെടുന്ന ഹാക്കിംഗ് സംഘമാണ് ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ(എ.പി.എസ്),റാണിഖേത് ആർമി പബ്ളിക് സ്‌കൂൾ എന്നിവയുടെ വെബ്‌സൈറ്റിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. വെബ്‌സൈറ്റിൽ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റു ചെയ്‌തുകൊണ്ടായിരുന്നു ശ്രമം. വെബ്‌സൈറ്റുകളെ വികൃതമാക്കാനും സേവനങ്ങൾ തടസ്സപ്പെടുത്താനും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ശ്രമിച്ചു. ഇന്ത്യൻ എയർഫോഴ്‌സ് പ്ലേസ്‌മെന്റ് ഓർഗനൈസേഷൻ പോർട്ടൽ,ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന്റെ (എ.ഡബ്ല്യു.എച്ച്.ഒ) ഡാറ്റാബേസ് എന്നിവയ്‌ക്കു നേരെയും സൈബർ ആക്രമണമുണ്ടായി.
ഇന്ത്യയുടെ മൾട്ടി-ലെയർ സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ ഹാക്കിംഗ് നീക്കം വേഗത്തിൽ കണ്ടെത്തി. ഹാക്കർമാർ ലക്ഷ്യമിട്ട സൈറ്റുകൾ ഉടൻ ഓഫ്‌ലൈനിലാക്കി തകരാറുകൾ പരിഹരിച്ചു. സുപ്രധാന രേഖകൾ ചോരുകയോ,പ്രവർത്തന സംവിധാനങ്ങൾ തകരാറിലാകുകയോ ചെയ്‌തിട്ടില്ല. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ തിരിച്ചടി ഭയക്കുന്ന പാകിസ്ഥാനിൽ നിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിച്ചതിനാൽ സൈബർ സുരക്ഷാ ടീം ജാഗ്രതയിലാണ്.
അതിനിടെ,രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് 2019ൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട സന്ദേശം പോസ്റ്റു ചെയ്‌തു. ഇന്ത്യയെ പരിഹസിക്കുന്ന തരത്തിലാണ് സന്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |