സോൾ: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലേക്ക് എത്തുന്ന ജാപ്പനീസ് സഞ്ചാരികളുടെ എണ്ണം കുത്തനെ ഉയരുന്നെന്നാണ് കണക്ക്. സ്ഥലങ്ങൾ കാണുന്നതിന് പകരം അരി മൊത്തമായി വാങ്ങാനാണത്രെ ജാപ്പനീസ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. ! ജപ്പാനിൽ അരിയുടെ വില ഗണ്യമായി ഉയർന്നതാണ് ഇതിന് കാരണമായി പറയുന്നത്.
ജപ്പാനിലെ വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അരി. 10 കിലോഗ്രാം അരിയ്ക്ക് ജപ്പാനിൽ ഏകദേശം 8,000 യെൻ (4,700 രൂപ) ആണെന്നാണ് റിപ്പോർട്ട്. ഇതേ അളവിലെ അരി ഏകദേശം 3,000 യെൻ (1,700 രൂപ) കൊടുത്താൽ ദക്ഷിണ കൊറിയയിൽ കിട്ടുമത്രെ. ഇതോടെയാണ് ജപ്പാൻകാർ ദക്ഷിണ കൊറിയൻ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് അരി മൊത്തത്തിൽ വാങ്ങാൻ തുടങ്ങിയത്.
ഒരു ജാപ്പനീസ് സഞ്ചാരി തന്റെ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് ഈ ട്രെൻഡ് വൈറലായത്. അതേ സമയം, നിയന്ത്രിത കാർഷിക ഉത്പന്നമായതിനാൽ ഇഞ്ചിയോൺ അടക്കം ദക്ഷിണ കൊറിയൻ വിമാനത്താവളങ്ങളിൽ പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ അരി ജപ്പാനിലേക്ക് എത്തിക്കാനാകൂ.
2023 വേനൽക്കാലത്താണ് ജപ്പാനിൽ അരി വില ഉയരാൻ തുടങ്ങിയത്. കടുത്ത ചൂട് കൃഷിയെ ബാധിച്ചു. ജപ്പാനിലെത്തുന്ന ടൂറിസ്റ്റുകൾക്കിടെയിലും സുഷി അടക്കം അരി വിഭവങ്ങൾക്ക് ഡിമാൻഡുമേറി. കൂടാതെ അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ ആളുകൾ അരിയടക്കം ഭക്ഷ്യവസ്തുക്കൾ വാങ്ങി സംഭരിക്കാനും തുടങ്ങി.
അതേ സമയം, ജപ്പാന്റെ ആവശ്യം കണക്കിലെടുത്ത് 22 ടൺ അരി കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദക്ഷിണ കൊറിയ. 1990ന് ശേഷം ഇത്രയും കൂടുതൽ അരി ദക്ഷിണ കൊറിയ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത് ആദ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |