വത്തിക്കാൻ സിറ്റി: യുക്രെയിനും ഗാസയും ഉൾപ്പെടെയുള്ള സംഘർഷമേഖലകളിൽ സമാധാനം പുലരട്ടെയെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ സംഭവവികാസങ്ങളിൽ ദുഃഖമുണ്ട്. യുക്രെയിനിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. മാർപാപ്പയായതിനു ശേഷമുള്ള ആദ്യ ഞായറാഴ്ച കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തുടനീളമുള്ള സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച മാർപാപ്പ ലോകമെങ്ങും സമാധാനം പുലരട്ടെ എന്ന് ആശംസിച്ചു.
മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതിനെ അനുസ്മരിച്ച മാർപാപ്പ, സ്വർഗത്തിലുള്ളവർ ഉൾപ്പെടെ എല്ലാ അമ്മമാർക്കും ആശംസകൾ നേർന്നു. ലോകത്തെ നശിപ്പിക്കുന്ന സംഘർഷങ്ങളെ അപലപിച്ചിരുന്ന കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അതേ നിലപാടുകൾ തന്നെയാണ് പിൻഗാമിയായ തന്റേതെന്നും ഉറപ്പിക്കുന്ന വാക്കുകളായിരുന്നു ലിയോ പതിനാലാമൻ മാർപാപ്പയുടേത്.
പതിനായിരക്കണക്കിന് വിശ്വാസികളാണ് ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പുതിയ മാർപാപ്പയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയത്. പുതിയ മാർപാപ്പയുടെ കാർമ്മികത്വത്തിൽ ഇന്നലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ കുർബാനയും നടന്നു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
സ്ഥാനാരോഹണം 18ന്
ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കും. മാർപാപ്പമാർക്കുള്ള ഔദ്യോഗിക വസതിയിൽ തന്നെയാകും ലിയോ പതിനാലാമൻ താമസിക്കുക എന്നാണ് സൂചന. ശനിയാഴ്ച കർദ്ദിനാളുമാരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ ഇന്ന് ആദ്യമായി മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കും. ഇന്ന് മാദ്ധ്യമപ്രവർത്തകരുമായും 16ന് നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. 21ന് അദ്ദേഹം വിശ്വാസികളെ കാണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |