ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ (യു.എൻ) പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ താത്കാലികമായി നിറുത്തിവച്ചതിൽ പാകിസ്ഥാൻ നടത്തുന്ന നുണ പ്രചാരണങ്ങൾക്കെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്.
ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ പാകിസ്ഥാൻ, അതിർത്തി കടന്നുള്ള തീവ്രവാദത്തിന് പിന്തുണ അവസാനിപ്പിക്കും വരെ കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമുണ്ടാകില്ലെന്ന് ഇന്ത്യയുടെ പ്രതിനിധി പി. ഹരീഷ് വ്യക്തമാക്കി. ജലം ജീവനാണെന്നും യുദ്ധത്തിനുള്ള ആയുധമല്ലെന്നും പാക് പ്രതിനിധി പറഞ്ഞതിന് പിന്നാലെയാണ് മറുപടി നൽകിയത്. ഇന്ത്യ എന്നും ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് പറഞ്ഞ ഹരീഷ്, കരാറുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ കാപട്യം തുറന്നുകാട്ടുന്ന നാല് കാര്യങ്ങൾ സഭയിൽ എടുത്തുപറഞ്ഞു.
# കരാറിന്റെ ആത്മാവ് ഇല്ലാതാക്കി
1. ആറര പതിറ്റാണ്ടിനിടയിൽ, ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി സിന്ധു നദീജല കരാറിന്റെ ആത്മാവിനെ ഇല്ലാതാക്കി. നാല് പതിറ്റാണ്ടിനിടെ 20,000ത്തിലേറെ ഇന്ത്യക്കാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടു
2. അണക്കെട്ട് അടക്കം അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങളും ഉടമ്പടി പ്രകാരം അനുവദനീയമായ വ്യവസ്ഥകളിലെ പരിഷ്‌കാരങ്ങളും പാകിസ്ഥാൻ തടഞ്ഞു. 2012ൽ ജമ്മു കശ്മീരിലെ തുൽബുൾ നാവിഗേഷൻ പദ്ധതിയ്ക്ക് നേരെ ഭീകരാക്രമണമുണ്ടായി
3. പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യ പലതവണ ആവശ്യപ്പെട്ടിട്ടും പാകിസ്ഥാൻ നിരസിച്ചു. ഇന്ത്യയുടെ നിയമാനുസൃത അവകാശങ്ങൾ പൂർണ്ണമായി വിനിയോഗിക്കുന്നത് തടസപ്പെടുത്തി
4. സിന്ധു നദീജല കരാർ പാകിസ്ഥാൻ നിരന്തരം ലംഘിച്ചത് വ്യക്തം. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കും വരെ കരാർ നിറുത്തിവയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |