ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ താൻ കൂടുതൽ പ്രശസ്‌തനായെന്ന് ലഷ്‌കറെ ത്വയ്ബ ഭീകരൻ സൈഫുള്ള കസൂരിയുടെ വീമ്പിളക്കൽ. പാകിസ്ഥാനിലെ ലാഹോറിൽ നടന്ന റാലിയിൽ പാക് മന്ത്രിക്കും പാക് ചാര സംഘടനയായ ഐ.എസ്.ഐയിലെ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർക്കുമൊപ്പം പങ്കെടുക്കവെയാണിത്. ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ ഭരണകൂടം വാദിക്കുന്നതിനിടെയാണ് മന്ത്രിക്കൊപ്പം ഭീകരർ പരസ്യമായി വേദി പങ്കിട്ടത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് കരുതുന്ന കസൂരി ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തെ വേദിയിലുണ്ടായിരുന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച നടന്ന റാലിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു.
ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ മകനും യു.എസ് തേടുന്ന ഭീകരനുമായ തൽഹാ സയീദ്, പാക് ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാൻ, പഞ്ചാബ് അസംബ്ലി സ്പീക്കർ മാലിക്ക് അഹ്‌മ്മദ് ഖാൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നാലെ ലഷ്‌കർ ഭീകരരുടെ നേതൃത്വത്തിൽ പൊതുറാലികൾ നടത്തി വ്യാപക ഫണ്ട് പിരിക്കുന്നെന്നാണ് റിപ്പോർട്ട്.
ഷെഹ്ബാസ് സമ്മതിച്ചു:
ബ്രഹ്‌മോസ് റാവൽപിണ്ടി തകർത്തു
ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ റാവൽപിണ്ടി എയർബേസിനെ തകർത്തെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേയ് 10ന് പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അതിന് മുന്നേ റാവൽപിണ്ടി എയർബേസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രഹ്‌മോസ് പ്രഹരമേൽപ്പിച്ചെന്ന് ഷെഹ്ബാസ് തുറന്നുപറഞ്ഞു. അസർബൈജാനിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷെഹ്‌ബാസ്.
അതേ സമയം, പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ ചെറുത്തെന്നാണ് പാക് സൈന്യം അവകാശപ്പെട്ടത്. ഇതിന് തുരങ്കം വയ്ക്കുന്ന പ്രസ്താവനകൾ പ്രധാനമന്ത്രി തന്നെ ആവർത്തിച്ച് നടത്തുന്നത് സൈന്യത്തിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലും മറ്റിടങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈലാക്രമണം ഉണ്ടായെന്ന് ഷെഹ്ബാസ് മുമ്പും സമ്മതിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |