ഗാസ സിറ്റി: റഫയിൽ സഹായകേന്ദ്രത്തിന് സമീപം ഇസ്രയേൽ 27 പേരെ വെടിവച്ച് കൊലപ്പെടുത്തിയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 90 പേർക്ക് പരിക്കേറ്റു. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നടത്തുന്ന സഹായ കേന്ദ്രത്തിന് സമീപമുള്ള ഫ്ലാഗ് റൗണ്ട് എബൗട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ കൊലപാതകങ്ങൾ നടന്നത്. മൂന്ന് ദിവസത്തിനുള്ളിലെ മൂന്നാമത്തെ ആക്രമണമാണ് ഇതെന്ന് റിപ്പോർട്ടുണ്ട്.സൈന്യത്തെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് സംശയിച്ചാണ് വെടിയുതിർത്തതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. മെയ് 27 ന് അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ജിഎച്ച്എഫ് ഇ എൻക്ലേവിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം നൂറിലധികം സഹായ അന്വേഷകർ കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹമാസിനെ മറികടക്കാനാണ് കേന്ദ്രങ്ങൾ സ്ഥാപിച്ചതെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഗാസയിലെ വർദ്ധിച്ചുവരുന്ന പട്ടിണി പ്രതിസന്ധി പരിഹരിക്കുന്നില്ലെന്നും ഇസ്രയേൽ സഹായം ഒരു ആയുധമായി ഉപയോഗിക്കുന്നതും ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭ ഈ സംവിധാനം നിരസിച്ചു.
ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങൾക്ക് സമീപം നടത്തുന്ന മാരകമായ ആക്രമണങ്ങൾ യുദ്ധക്കുറ്റകൃത്യമാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയും സേനയെ ആക്രമിക്കുമെന്ന് സംശയിച്ചവർക്ക് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതായി ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു. ഞായറാഴ്ചയുണ്ടായ വെടിവയ്പ്പിൽ 30 ലധികം പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |