ടെൽ അവീവ് : ഗാസയിലെ മുജാഹിദ്ദീൻ ബ്രിഗേഡ്സ് ഗ്രൂപ്പിന്റെ മേധാവി അസാദ് അബു ഷരിയയെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ഗാസ സിറ്റിയ്ക്ക് സമീപം സബ്ര മേഖലയിലായിരുന്നു ആക്രമണം. 30ലേറെ പേരും കൊല്ലപ്പെട്ടു. ഹമാസിന്റെ സഖ്യ കക്ഷികളാണ് താരതമ്യേന ചെറിയ ഗ്രൂപ്പായ മുജാഹിദ്ദീൻ ബ്രിഗേഡ്സ്.
2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൽ ഹമാസിനൊപ്പം ഇവരും പങ്കാളികളായിരുന്നു. അതിർത്തി കടന്ന് ഇസ്രയേലിലെ കിബുത്ത്സ് നിർ ഓസിലേക്ക് കടന്ന മുജാഹിദ്ദീൻ ബ്രിഗേഡ്സ് അംഗങ്ങൾ സാധാരണക്കാരെ വധിക്കുകയും ചിലരെ ബന്ദിയാക്കി ഗാസയിലേക്ക് കടത്തുകയും ചെയ്തു. അതേസമയം, ഗാസയിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ മുജാഹിദ്ദീൻ ബ്രിഗേഡ്സിലെ ഉന്നത നേതാവായ മഹ്‌മൂദ് കഹീലിനേയും ഇസ്രയേൽ വധിച്ചു.
ബന്ദിയുടെ മൃതദേഹം കണ്ടെത്തി
ഗാസയിൽ ബന്ദിയാക്കപ്പെട്ട തായ് പൗരന്റെ മൃതദേഹം കണ്ടെത്തി ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിലെ റാഫയിൽ വെള്ളിയാഴ്ച നടത്തിയ പ്രത്യേക ഓപ്പറേഷനിൽ നാറ്റാപോംഗ് പിന്റ (35) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ഇസ്രയേലി-അമേരിക്കൻ ബന്ദികളുടെ മൃതദേഹങ്ങൾ കഴിഞ്ഞ ആഴ്ച ഇസ്രയേൽ വീണ്ടെടുത്തിരുന്നു.
മൂവരെയും വധിച്ചത് മുജാഹിദ്ദീൻ ബ്രിഗേഡ്സ് ആണെന്നും മറ്റൊരു വിദേശ പൗരന്റെ മൃതദേഹം കൂടി ഇവരുടെ കൈവശമുണ്ടെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ഇനി 54 ബന്ദികളുണ്ടെന്ന് കരുതുന്നു. ഇതിൽ 31 പേർ മരിച്ചെന്നാണ് ഇസ്രയേലിന്റെ നിഗമനം.
വെടിവയ്‌പിൽ 11 മരണം
റാഫയിൽ സഹായ വിതരണ കേന്ദ്രത്തിന് സമീപമുണ്ടായ ഇസ്രയേൽ വെടിവയ്‌പിൽ 11 പാലസ്‌തീനികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. അതേ സമയം, സൈനിക മേഖലയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചവർക്ക് നേരെ വെടിവച്ചെന്നാണ് ഇസ്രയേൽ വാദം. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 54,880 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |