അഹമ്മദാബാദ്: വിമാനം പൊട്ടിത്തകരുന്നത് കൺമുമ്പിൽ കണ്ടതിന്റെ ഞെട്ടലിലാണ് ദൃക്സാക്ഷികൾ. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം ഭൂചലനമാണെന്നാണ് കരുതിയതെന്ന് അപകട സ്ഥലത്ത് ആദ്യം ഓടിയെത്തിയ ഒരാൾ പറയുന്നു. അവിടെയെത്തിയപ്പോൾ ശരീരാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. നിറയെ കറുത്ത പുകയായിരുന്നു. ആദ്യം എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "പെട്ടെന്ന് ഉഗ്ര ശബ്ദം കേട്ട് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ നോക്കിയപ്പോൾ, കനത്ത പുകയാണ് കണ്ടത്. ഒറ്റ നോട്ടത്തിൽ ഒന്നും കാണാനായില്ല. അടുത്തുചെന്ന് നോക്കിയപ്പോൾ തകർന്ന വിമാനം. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു"- പ്രദേശവാസി പറഞ്ഞു.
വിമാനം എം.ബി.ബി.എസ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയപ്പോൾ തന്റെ മകൻ അവിടെയുണ്ടായിരുന്നുവെന്ന് പ്രദേശവാസിയായ റാമില പറഞ്ഞു- "എന്റെ മകൻ ഉച്ചഭക്ഷണ ഇടവേളയ്ക്ക് ആ ഹോസ്റ്റലിൽ പോയിരുന്നു. അപ്പോഴാണ് വിമാനം അവിടെ വീണത്. വലിയ ശബ്ദം കേട്ട് അവൻ രണ്ടാം നിലയിൽ നിന്ന് ചാടി. അവന് പരിക്കേറ്റെങ്കിലും സുരക്ഷിതനാണ്"- റാമില പറഞ്ഞു.
പ്രൊഫൈൽ ചിത്രം മാറ്റി എയർ ഇന്ത്യ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം തകർന്നുവീണതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം മാറ്റി എയർ ഇന്ത്യ. എക്‌സ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാദ്ധ്യമങ്ങളിലാണ് എയർ ഇന്ത്യ അവരുടെ പ്രൊഫൈൽ ചിത്രം കറുത്ത വൃത്തമാക്കി മാറ്റിയത്. സാധാരണ ചുവപ്പും വെള്ളയും ലോഗോയും സ്വർണ വിൻഡോ ഫ്രെയിമുവാണ് ഉണ്ടാവാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |